വി. കുഞ്ഞികൃഷ്ണൻ പാർട്ടിയെ തകർക്കാനിറങ്ങയവരുടെ കൈയ്യിലെ കോടാലിയായി മാറി : പാർട്ടിയുടെ കൂടെയുണ്ടായിരുന്നവരെ തെറ്റിദ്ധരിപ്പിച്ചു നേടിയ വിജയം, പയ്യന്നൂരിൽ വിമർശനവുമായി പിണറായി വിജയൻ
കണ്ണൂര്‍: പയ്യന്നൂരിലെ സി.പി എം രാഷ്‌ട്രീയ വിശദീകരണ പൊതുസമ്മേളനത്തിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച വി .കുഞ്ഞികൃഷ്ണനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവും പാർട്ടി പി ബി അംഗവുമായ പിണറായി വിജയൻ.തുടര്‍ച്ചയായി എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ആപത്താകുമെന്ന് ചിലര്‍ പ്രചരിപ്പിച്ചുവെന്നും ചിലര്‍ അത് വിശ്വസിച്ചുവെന്നും പിണറായി വിജയന്‍ രാഷ്ട്രീയ വിശദീകരണ പൊതുസമ്മേളനം ഉദ്ഘാടനo ചെയ്തു കൊണ്ടു പറഞ്ഞു.
ചില വലതുപക്ഷ മാധ്യമങ്ങള്‍ ഇല്ലാത്ത കഥകള്‍ പ്രചരിപ്പിച്ചു. പാർട്ടിക്കെതിരായ സംഘടിതമായ നീക്കം പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും നടത്തി. ഏത് എതിര്‍ പ്രചാര വേല വന്നാലും എല്‍ഡിഎഫിന് പിടിച്ചുനില്‍ക്കാന്‍ കഴിയുന്ന മണ്ഡലങ്ങളുണ്ട്. അതിലൊന്നാണ് പയ്യന്നൂര്‍. മണ്ഡലം രൂപം കൊണ്ടതിന് ശേഷം ഇവിടെവിജയിച്ച് വന്നത് സിപിഎം സ്ഥാനാര്‍ത്ഥികളാണ്.
മത്സരിച്ചവര്‍ എല്ലാം നല്ല വിജയമാണ് നേടിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. . 62 ശതമാനം വോട്ട് നേടിയാണ് 2021-ൽ ടി. ഐ മധുസൂദനൻ ജയിച്ചത്. ഏത് കുത്തൊഴുക്കിനെയും നേരിടാൻ പയ്യന്നൂർ മണ്ഡലത്തിന് കഴിയുമായിരുന്നു. അപ്പോൾ എന്താണ് പയ്യന്നൂരിൽ പരാജയപ്പെടാൻ കാരണമെന്ന ചോദ്യം വരും. പയ്യന്നൂരിലെ ബഹുജനങ്ങളും വോട്ടർമാരും വലിയ തോതിൽ സിപിഎമ്മിനെ സ്നേഹിക്കുന്നവരാണ്. പാർട്ടിയുടെ ഭാഗമായി നിന്ന് പാർട്ടിയുടെ വിശ്വാസ്യതയെ തകർക്കാൻ ശ്രമമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു കമ്മ്യൂണിസ്റ്റുകാരൻ ചെയ്യാൻ പാടില്ലാത്തത് എല്ലാം ചെയ്യുന്ന നിലയുണ്ടായി. അതിൻ്റെ ഭാഗമായി ആളുകൾ സംശയാലുക്കളായി. അവിടെ സത്യത്തിന് മങ്ങലേറ്റു. ആര് തെറ്റ് ചെയ്താലും അതിനെതിരെ സിപിഎം നടപടിയെടുക്കും. അതാണ് സിപിഎം. പാർട്ടിക്കെതിരെ നീങ്ങിയാൽ ആരെന്ന് നോക്കില്ല. അവർക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
എൽഡിഎഫ് വോട്ടിൽ ചോർച്ച ഉണ്ടായത് ഗൗരവമായി കാണുന്നു. പാർട്ടി അത് പരിശോധിച്ചിട്ടുണ്ട്. സ്വീകരിക്കേണ്ട നടപടിയെ കുറിച്ച് ബോധവാന്മാരാണ്. പാർട്ടിക്ക് എതിരെ നീങ്ങിയവർ പുനർ വിചിന്തനം ചെയ്യേണ്ട സമയം വന്നിരിക്കുന്നു. തങ്ങൾ ചെയ്തത് ശരിയായോ എന്നവർ ചിന്തിക്കണം. എന്താണോ പാര്‍ട്ടി പരസ്യമായി പറഞ്ഞത് അതില്‍ ഒരു കാപട്യവുമില്ല. ഒരിക്കലും ബഹുജനങ്ങളെ വഞ്ചിക്കില്ല.
സത്യസന്ധമാണ് പാര്‍ട്ടിയുടെ നിലപാട്. അതിനാണ് പാര്‍ട്ടി പ്രാധാന്യം നല്‍കിയിട്ടുള്ളത്. പാര്‍ട്ടിയെ തകര്‍ക്കുക എന്നതാണ് വി കുഞ്ഞികൃഷ്ണൻ ചെയ്തത്. അതിനാണ് ശത്രുവിന്റെ കയ്യിലെ കോടാലിയായി മാറിയതെന്നും പാർട്ടിയെ എതിർക്കുന്നവരുടെ നേതാവായി മാറിയെന്നും പിണറായി വിജയൻ പറഞ്ഞു. സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് , പയ്യന്നൂർ ഏരിയാ സെക്രട്ടറി പി. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.
.jpg)

