പൊലീസ് സേനയെ പിണറായി വിജയന്‍ സിപിഎം പാര്‍ട്ടിയുടെ അടിമക്കൂട്ടങ്ങളാക്കി മാറ്റി; വി ഡി സതീശൻ

v d satheesan
v d satheesan

പൊലീസ് സേനയെ പിണറായി വിജയന്‍ സിപിഎം പാര്‍ട്ടിയുടെ അടിമക്കൂട്ടങ്ങളാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.പി.എം എന്ത് വൃത്തികേട് പറഞ്ഞാലും ചെയ്യാന്‍ മടിക്കാത്ത ഏറാന്‍മൂളികളുടെ സംഘമാക്കി പൊലീസിനെ അധഃപതിപ്പിച്ചുവെന്നും ഭരണകക്ഷി എം.എല്‍.എയും എസ്.പിയും തമ്മിലുള്ള സംഭാഷണം പുറത്തുവന്നപ്പോള്‍ കേരളത്തിലെ പൊലീസ് സേനയുടെയും ആഭ്യന്തര വകുപ്പിന്റെയും തലയില്‍ മൊത്തത്തില്‍ ഒരു പുതപ്പ് ഇടുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസ് സേന അടിമക്കൂട്ടമായി അധപതിച്ച കാലഘട്ടം കേരളത്തില്‍ ഉണ്ടായിട്ടില്ല. സ്‌കോട്‌ലന്‍ഡ് യാഡിനെ വെല്ലുന്ന പൊലീസായിരുന്നു കേരളത്തിലെ പൊലീസ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉപജാപകസംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നതെന്ന് പ്രതിപക്ഷം നിയമസഭയിലും പുറത്തും പറഞ്ഞിട്ടുണ്ട്. അത് ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. 

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പറയുന്നതിന് അപ്പുറം ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഒന്നും ചെയ്യില്ലെന്നാണ് ഒരു എസ്.പി പറഞ്ഞിരിക്കുന്നത്. ക്രമസമാധാനത്തിന്റെ ചുമതലയുള്ള എ.ഡി.ജി.പിയെ കുറിച്ച് ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് എസ്.പി ഉന്നയിച്ചത്. എസ്.പിയുടെ ആരോപണങ്ങള്‍ ശരി വയ്ക്കുകയാണ് ഭരണപക്ഷ എം.എല്‍.എ. പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയതിന് കേസെടുത്ത ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനെ രക്ഷിക്കാന്‍ എ.ഡി.ജി.പി രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്നും അറസ്റ്റിന് പൊലീസ് എത്തിയപ്പോള്‍ എ.ഡി.ജി.പി ഒറ്റിക്കൊടുത്തെന്നുമാണ് ആരോപണം. 

Also read: വിവാദങ്ങൾ പെരുമഴയായി പെയ്തപ്പോൾ ഇ.പി. ജയരാജൻ പുറത്തേക്ക്; പ്രതികരിക്കാതെ പിൻമടക്കം

എ.ഡി.ജി.പിയുടെ അളിയന്‍മാരാണ് പണപ്പിരിവ് നടത്തുന്നതെന്നു എസ്.പി ആരോപിക്കുന്നത്. മറ്റു ജില്ലകളിലെ എസ്.പിമാര്‍ക്കെതിരെയും ഹീനമായ വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. സത്യസന്ധനായ മലപ്പുറം എസ്.പിയെ അപകീര്‍ത്തിപ്പെടുത്താനാണ് ഇവരെല്ലാം ചേര്‍ന്ന് ഗൂഡാലോചന നടത്തുന്നത്. പൊലീസിനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘവും സി.പി.എമ്മും നിയന്ത്രിക്കുന്ന സ്ഥിതിയാണ്. പ്രതിപക്ഷം പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്നാണ് ഭരണപക്ഷ എം.എല്‍.എയും എസ്.പിയും തമ്മിലുള്ള സംഭാഷണത്തിലൂടെ വ്യക്തമായിരിക്കുന്നത്. പരാതി പിന്‍വലിക്കുന്നതിന് വേണ്ടി ഒരു എസ്.പി ഭരണകകക്ഷി എം.എല്‍.എയുടെ കാല് പിടിച്ച് അപേക്ഷിക്കുകയാണ്. 

തനിക്ക് 25 വര്‍ഷം സര്‍വീസുണ്ടെന്നും ഡി.ജി.പി ആയ ശേഷമെ വിരമിക്കൂവെന്നും അതുവരെ സി.പി.എമ്മനോട് കടപ്പെട്ടവനായിരിക്കുമെന്നും സി.പി.എം പറയുന്നതെ ചെയ്യാറുള്ളൂവെന്നുമാണ് എസ്.പി. പറയുന്നത്. അതുതന്നെയാണ് ഞങ്ങളുടെയും ആരോപണം. കേരളത്തിലെ പൊലീസിനെ ഭരിക്കുന്നത് നീതിയും ന്യായവുമല്ല സി.പി.എമ്മാണ്. 

സി.പി.എം എന്ത് വൃത്തികേട് പറഞ്ഞാലും ചെയ്യാന്‍ മടിക്കാത്ത ഏറാന്‍മൂളികളുടെ സംഘമാക്കി പൊലീസിനെ അധപതിപ്പിച്ചു. ആഭ്യന്തര വകുപ്പിന്റെ മേല്‍ ചമഞ്ഞിരിക്കുന്ന മുഖ്യമന്ത്രിയാണ് ഇതിന് മറുപടി പറയേണ്ടത്. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയല്ലേ സ്വര്‍ണക്കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള എല്ലാ വൃത്തികേടുകള്‍ക്കും കൂട്ടുനിന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയല്ലേ ജയിലില്‍ കിടന്നത്. പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണമാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്. പൊളിറ്റിക്കല്‍ സെക്രട്ടറിയും എ.ഡി.ജി.പിയും ചേര്‍ന്ന ഉണ്ടാക്കിയിരിക്കുന്ന അച്ചുതണ്ട് വ്യാപക അഴിമതി നടത്തുന്നെന്നും പൊലീസിനെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നുവെന്നും ഏറാന്‍മൂളികളായ പൊലീസുകാരെ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ വച്ച് പണപ്പിരിവ് നടത്തുന്നുവെന്നുമാണ് എസ്.പി ആരോപിച്ചിരിക്കുന്നത്. 

മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍ ഭരണഘടനാ അതീത ശക്തികളായി പ്രവര്‍ത്തിക്കുന്നുവെന്ന് മുന്‍ ഐ.ജി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. പേടിപ്പിച്ചാണ് ആ സത്യവാങ്മൂലം പിന്നീട് പിന്‍വലിച്ചത്. കേരളത്തിലെ പൊലീസ് ഇത്രമാത്രം തലകുനിച്ച് നില്‍ക്കേണ്ട സ്ഥിതിയുണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ ഈ ഭരണത്തിന് കീഴിലാണ് കേരളത്തിലെ പൊലീസ് സി.പി.എമ്മിന്റെ ഏറാന്‍മൂളികളായി മാറിയത്. ഇതിനൊക്കെ മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ. 

Also read: ഇടവേള ബാബുവുമൊത്തുള്ള വിഡിയോ ഉപയോഗിച്ച് തന്നെ മോശക്കാരിയാക്കുന്നു; നടി ശാലിൻ സോയ

ഹൈദരാബാദില്‍ ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട് പെണ്‍കുട്ടി പരാതി നല്‍കി. അറസ്റ്റു ചെയ്യാന്‍ ഹൈദരാബാദ് പൊലീസ് എത്തിയപ്പോള്‍ സി.പി.എം നേതാക്കളുടെ വീട്ടില്‍ പ്രതിയെ ഒളിപ്പിച്ചു. പിന്നീട് മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും നല്‍കിയ പരാതി എവിടെപ്പോയി? പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പരാതി പരിശോധിക്കാന്‍ പോലും നേരമില്ല. ഇവര്‍ ആര്‍ക്കു വേണ്ടിയാണ് ഭരിക്കുന്നത്? ഇതിനൊക്കെ മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. 

പൊലീസിനെതിരെ ഉയര്‍ന്നിരിക്കുന്ന ഗുരുതരമായ ആരോപണങ്ങളില്‍ സി.ബി.ഐ പോലുള്ള ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കണം. വെളിപ്പെടുത്തല്‍ നടത്തിയ എസ്.പി 25 വര്‍ഷം സി.പി.എമ്മിന് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുമെന്നാണ് പറയുന്നത്. ഇവനെയൊക്കെ സേനയില്‍ വച്ചുകൊണ്ടിരിക്കരുത്. ഇങ്ങനെയുള്ള ഉദ്യോഗസ്ഥരെ ഓരോ സ്ഥാനങ്ങളില്‍ വച്ചുകൊണ്ടാണ് ഇവര്‍ കാര്യങ്ങള്‍ നടത്തുന്നത്. ഇതുപോലുള്ള ഏറാന്‍മൂളികളായ ഉദ്യോഗസ്ഥര്‍ ഇനിയുമുണ്ട്. അവരുടെയൊക്കെ പേരുകള്‍ പുറത്തേക്ക് വരും. 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്താണ് ഉള്ളതെന്ന് സര്‍ക്കരിന്റെ തലപ്പത്ത് ഇരിക്കുന്നവര്‍ക്ക് അറിയാം. അതുകൊണ്ടു തന്നെ റിപ്പോര്‍ട്ടിന്‍മേല്‍ ഒരു അന്വേഷണവും നടത്തില്ല. കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് നാലര കൊല്ലമാണ് പൂഴ്ത്തി വച്ചത്. ഈ നാണംകെട്ട പൊലീസ് തന്നെയല്ലേ ഇതൊക്കെ അന്വേഷിക്കുന്നത്. എന്ത് നീതി കിട്ടുമെന്നാണ് ഇരകള്‍ പ്രതീക്ഷിക്കേണ്ടത്. എന്ത് ഹീനകൃത്യവും ചെയ്യാന്‍ മടിക്കാത്ത, പാര്‍ട്ടിയുടെ അടിമക്കൂട്ടങ്ങളാക്കി പൊലീസിനെ പിണറായി വിജയന്‍ മാറ്റിയതു പോലെ കേരളത്തില്‍ ആരും ചെയ്തിട്ടില്ല. എന്നിട്ടാണ് ആഭ്യന്തര മന്ത്രിയായി ഇരിക്കുന്നതെന്നും വി ഡി സതീശൻ ആരോപിച്ചു.

Tags