നിങ്ങളുടെ പഴയ ഫോൺ നമ്പര്‍ മറ്റൊരാള്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെങ്കിലോ ?

phone

മൊബൈല്‍ നമ്പര്‍ എന്നത് ഇന്നത്തെക്കാലത്ത് ഒരു നിസ്സാരകാര്യമല്ലല്ലേ. ഫോണ്‍ വിളിക്കാനുള്ള മാര്‍ഗം മാത്രമായല്ല നമ്മള്‍ മൊബൈല്‍ നമ്പറുകള്‍ ഉപയോഗിക്കുക. ബാങ്ക് അക്കൗണ്ടുകള്‍, സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍, കൂടാതെ നിരവധി ഡിജിറ്റല്‍ സേവനങ്ങള്‍, അങ്ങനെ ഇന്നത്തെ എല്ലാ കാര്യങ്ങളും ഫോണ്‍ നമ്പറുകളുമായും ബന്ധപ്പെട്ടിരിക്കുന്നു. ഈ നമ്പറുകള്‍ നമ്മള‍് കുറച്ച് കാലം ഉപയോഗിക്കാതിരുന്നാല്‍ ആ നമ്പര്‍ മറ്റൊരാള്‍ക്ക് ലഭിക്കാനുള്ള സാധ്യത കൂടുതലാണല്ലേ.. ഇത്തരത്തില്‍ നമ്പര്‍ മറ്റൊരാള്‍ക്ക് ലഭിക്കുകയാണെങ്കില്‍ അതുവഴി ചില അപകടങ്ങളും നമ്മളെ തേടിയെത്തും.

tRootC1469263">

പഴയ ഫോണ്‍ നമ്പര്‍ മാറ്റി പുതിയത് എടുക്കുമ്പോള്‍ ഓണ്‍ലൈന്‍ സേവനങ്ങളില്‍ ഇത് അപ്‌ഡേറ്റ് ചെയ്യാതിരുന്നാല്‍ ആ നമ്പര്‍ പിന്നീട് ലഭിക്കുന്ന വ്യക്തിക്ക് ആദ്യ ഉപയോക്താവിന്റെ ഫോണ്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള പല സേവനങ്ങളിലേക്കും വളരെ എളുപ്പത്തില്‍ കടന്നുചെല്ലാന്‍ സാധിക്കും. ആളുകളുടെ സ്വകാര്യതയുടെ ഭീഷണിയെ ആണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. മുന്‍ ഉടമ അറിയാതെ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടുകള്‍, ഡെലിവറി ആപ്പുകള്‍, അല്ലെങ്കില്‍ സര്‍ക്കാര്‍ സൈറ്റുകളില്‍ പോലും പുതിയ ഉപയോക്താക്കള്‍ പ്രവേശനം നേടിയതായി നിരവധി റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഒരു മൊബൈല്‍ നമ്പര്‍ 90 ദിവസം ഉപയോഗിക്കാതിരിക്കുകയോ റീചാര്‍ജ് ചെയ്യാതിരിക്കുകയോ ചെയ്താല്‍ അത് ‘പ്രവര്‍ത്തനരഹിതം’ എന്ന് അടയാളപ്പെടുത്താനും മറ്റൊരാള്‍ക്ക് നല്‍കാനും സാധിക്കും. ഇത്തരത്തില്‍ പ്രവര്‍ത്തനരഹിതമായ നമ്പറുകള്‍ വീണ്ടും നല്‍കുന്നതില്‍ നിന്ന് ടെലികോം ഓപ്പറേറ്റര്‍മാരെ തടയാനാവില്ലെന്ന് 2023-ല്‍ കോടതിയും വിധിച്ചിരുന്നു. പരിമിതമായ നമ്പര്‍ കൈകാര്യം ചെയ്യാന്‍ ഇത് സഹായിക്കുമെങ്കിലും, ഈ രീതി ഉപയോക്താക്കളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നതാണ്.

എന്നാല്‍ നമ്പര്‍ മാറ്റുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത്തരത്തിലുള്ള പ്രശ്‌നത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കും. നമ്പര്‍ മാറ്റിയാലുടന്‍ തന്നെ അതുമായി ബന്ധിപ്പിച്ച എല്ലാ പ്ലാറ്റ്‌ഫോമില്‍ നിന്നും കോണ്‍ടാക്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുകയെന്നതാണ് എളുപ്പത്തിലുള്ള ഒരുവഴി.

മറ്റൊന്ന് ബാങ്ക് അക്കൗണ്ടുകളും യുപിഐ ആപ്പുകളും പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍പേ തുടങ്ങിയവയൊക്കെയും നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത നമ്പര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി ബാങ്ക് ശാഖ സന്ദര്‍ശിക്കുകയോ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടുകയോ ചെയ്യുക. മിക്ക ഡിജിറ്റല്‍ പേയ്മെന്റ് ആപ്പുകളിലും സെറ്റിംഗ്‌സ്- പ്രൊഫൈല്‍- അപ്‌ഡേറ്റ് മൊബൈല്‍ നമ്പര്‍ എന്ന ഓപ്ഷനിലൂടെ നമ്പര്‍ മാറ്റാന്‍ സാധിക്കും.

ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, എക്‌സ്/ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ സെറ്റിംഗ്‌സ് അല്ലെങ്കില്‍ പേഴ്‌സണല്‍ ഇന്‍ഫര്‍മേഷന്‍ എന്ന ഭാഗത്ത് പോയി നിങ്ങളുടെ പഴയ നമ്പറിന് പകരം പുതിയ നമ്പര്‍ നല്‍കണം. ഇമെയിലും ടു-ഫാക്ടര്‍ ഓതന്റിക്കേഷനുകളിലും ലിങ്ക് ചെയ്തിട്ടുള്ള നമ്പര്‍ മാറ്റുകയും, ലോഗിന്‍ കോഡുകള്‍ മറ്റൊരാള്‍ക്ക് ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ നിങ്ങളുടെ ഇമെയില്‍ വഴി വെരിഫൈ നടത്തുകയും വേണം.

Tags