വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഉപയോഗം; കുട്ടികളെ ബോധവത്കരിക്കാൻ 'സഹജം സുന്ദരം' പദ്ധതി യുപി ക്ലാസുകള്‍ മുതല്‍

cream

ഫെയ്‌സ് ക്രീം, ലിപ്സ്റ്റിക് തുടങ്ങി വ്യാജ സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ ഉപയോഗം കുട്ടികളിലുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച്

തിരുവനന്തപുരം: വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധം വളര്‍ത്താന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ 'സഹജം സുന്ദരം' പദ്ധതി സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുന്നു.

ഫെയ്‌സ് ക്രീം, ലിപ്സ്റ്റിക് തുടങ്ങി വ്യാജ സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ ഉപയോഗം കുട്ടികളിലുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ബോധവത്കരിക്കുകയാണ് ലക്ഷ്യം. യുപി ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ മുതല്‍ പദ്ധതിയുടെ ഭാഗമാകും.

പദ്ധതി സ്‌കൂളുകളില്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണം തേടാനാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി മുതിര്‍ന്ന വിദ്യാര്‍ഥികളെയും അധ്യാപകരെയും വൊളന്റിയര്‍മാരായി നിയോഗിക്കും.

ഇവര്‍ക്ക് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് പ്രത്യേക പരിശീലനം നല്‍കും. വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖകളും വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണം ചെയ്യും.

സൗന്ദര്യവര്‍ധക വസ്തുക്കളുടെ സുരക്ഷിത ഉപയോഗം ഉള്‍പ്പെടെയുള്ള ആരോഗ്യസുരക്ഷാ വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനും നിര്‍ദേശം നല്‍കുമെന്ന് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഡോ. കെ സുജിത്ത്കുമാര്‍ വ്യക്തമാക്കി.

Tags