രാഹുല്‍ ഗാന്ധി തരംഗത്തില്‍ എംപി എന്ന രണ്ടക്ഷരം ഒപ്പിച്ചെടുത്ത ഉണ്ണിത്താന് മാത്യു കുഴല്‍നാടന്റെ രാഷ്ട്രീയ യോഗ്യത അളക്കാന്‍ എന്താണ് അവകാശം ; രൂക്ഷ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി

rajmohan unnithan

അല്‍പ്പന്‍ ആരെന്നും അര്‍ദ്ധ രാത്രിയില്‍ കുട പിടിച്ചത് ആരെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം

മാത്യു കുഴല്‍നാടനെ വിമര്‍ശിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയെ ഭീഷണിപ്പെടുത്തി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി. ജനങ്ങള്‍ മറന്നു പോയി എന്ന് താങ്കള്‍ കരുതുന്ന ആ പഴയ ചരിത്രക്കെട്ടുകള്‍ തുറപ്പിക്കരുത് എന്നാണ് എബി പൊങ്ങണത്തിലിന്റെ മുന്നറിയിപ്പ്. അല്‍പ്പന്‍ ആരെന്നും അര്‍ദ്ധ രാത്രിയില്‍ കുട പിടിച്ചത് ആരെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം. കേരളമൊട്ടുക്ക് അങ്ങളമിങ്ങോളം ഓടി നടന്ന് തോറ്റിട്ട് 2019ല്‍ കാസര്‍ഗോഡ് വന്നു അന്നത്തെ രാഹുല്‍ ഗാന്ധി തരംഗത്തില്‍ എംപി എന്ന രണ്ടക്ഷരം ഒപ്പിച്ചെടുത്ത ഉണ്ണിത്താന് മാത്യു കുഴല്‍നാടന്റെ രാഷ്ട്രീയ യോഗ്യത അളക്കാന്‍ എന്താണ് അവകാശമെന്നും എബി ഫേസ്ബുക്കില്‍ കുറിച്ചു.

താങ്കളുടെ നാവിന് എല്ലില്ല എന്ന് കരുതി കോണ്‍ഗ്രസിന്റെ യുവ നേതാക്കളെ പറ്റി എന്തും പറഞ്ഞു കളയാം എന്ന് കരുതിയാല്‍ അതെ ഭാഷയില്‍ അതെ തൂക്കത്തിലും അളവിലും താങ്കള്‍ക്ക് മറുപടി നല്‍കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നന്നായി അറിയാം. 2019ല്‍ കാസര്‍ഗോഡ് മത്സരിക്കാന്‍ വണ്ടി കേറിയ ഉണ്ണിത്താന്റെ നെറ്റിയിലെ ആ കറുത്ത കുറി എന്താണ് ഇപ്പോള്‍ ഇല്ലാത്തത്. മാത്യു കുഴല്‍നാടന്‍ പറഞ്ഞത് മുഴുവന്‍ കേള്‍ക്കാതെ ലീഗിനെതിരെ അദ്ദേഹം എന്തോ പറഞ്ഞു എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്ന താങ്കളുടെ നിലപാട് കോണ്‍ഗ്രസിന്റെ ഒരു മുതിര്‍ന്ന നേതാവിന് ചേര്‍ന്നതാണോ എന്ന് താങ്കള്‍ പരിശോധിക്കണം.

കഴിഞ്ഞ 10 വര്‍ഷക്കാലം ഈ പാര്‍ട്ടി തോറ്റ് പ്രതിപക്ഷത്തിരുന്നപ്പോള്‍ പിണറായി വിജയനെതിരെ വായ തുറക്കാത്ത ഉണ്ണിത്താന്‍ ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ അലറുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നുന്നു. പിണറായി വിജയനും പിണറായി വിജയന്റെ മകള്‍ക്കും എതിരെ അഴിമതി ഉന്നയിച്ചു മാസപ്പടിയില്‍ ഒറ്റപ്പെട്ടു പോയപ്പോഴും അദ്ദേഹത്തിനെ വ്യക്തിപരമായി പിണറായി സര്‍ക്കാര്‍ അധികാരത്തിന്റെ മുഴുവന്‍ പവറും ഉപയോഗിച്ച് വേട്ടയാടിയപ്പോഴും തളരാത്ത മാത്യു കുഴല്‍നാടന്‍ താങ്കളുടെ അലര്‍ച്ച കേട്ടാല്‍ ഭയക്കും എന്ന് തോന്നുന്നുണ്ടേല്‍ വെറുതെയാണ്.


പൗരത്വ ഭേതഗതി ബില്‍ വിഷയം രാജ്യത്ത് ആശങ്കകള്‍ വിതച്ചപ്പോള്‍ മുസ്ലിം വിഭാഗത്തേയും മുസ്ലീം ലീഗിനെയും ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചു പതിനായിരങ്ങള്‍ അണി നിരന്ന സെക്കുലര്‍ മാര്‍ച്ചും, ആ മാര്‍ച്ച് കോതമംഗലം ചെറിയ പള്ളിയില്‍ സമാപിച്ചപ്പോള്‍ നിസ്‌കരിക്കാന്‍ ചെറിയ പള്ളി തുറന്ന് കൊടുത്തതും വിശുദ്ധ കുര്‍ബാന ചൊല്ലുന്ന മൈക്കിലൂടെ ബാങ്ക് വിളിച്ചതും ഈ കേരളം മറന്നിട്ടില്ല. അതൊന്നും അദ്ദേഹം എംഎല്‍എ എന്ന മൂന്നക്ഷരം ഇല്ലാതിരുന്നപ്പോള്‍ പ്രവര്‍ത്തിയിലൂടെ തെളിയിച്ചതാണ്.

2021ലെ ഇടത് തരംഗത്തില്‍ എല്‍ഡിഎഫ് സിറ്റിംഗ് സീറ്റ് 6000ത്തില്‍ പരം വോട്ടിനു തിരിച്ചു പിടിച്ചു എംഎല്‍എയായി 2026ലെ ഈ തെരഞ്ഞെടുപ്പില്‍ 42,829 വോട്ടിന് ഈ നാട്ടിലെ ജനങ്ങള്‍ ജയിപ്പിച്ച എംഎല്‍എയെ നിങ്ങളുടെ വടിവൊത്ത ഭാഷയിലെ 'വാ' പ്രയോഗം കൊണ്ട് പേടിപ്പിക്കാന്‍ നോക്കിയാല്‍ ഒന്നേ പറയാന്‍ ഉള്ളു. കടല്‍ കടന്ന് വന്നവനെ കൈത്തോട് കാണിച്ച് പേടിപ്പിക്കരുത്. കാസര്‍ഗോഡ് എംപിയുടെ ഉപദേശം തല്ക്കാലം ഇങ്ങോട്ട് വേണ്ടെന്നും പോസ്റ്റില്‍ പറയുന്നു.

Tags