സ്വര്‍ണം പൂശാനുള്ള അനുമതിക്കായി ഉണ്ണികൃഷ്ണന്‍ പോറ്റി തനിക്കോ, ഓഫീസിനോ കത്ത് നല്‍കിയിട്ടില്ലെന്ന് കടകംപള്ളി മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്
ശബരിമല സന്നിധാനത്ത് വെച്ചല്ലാതെ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കണ്ടിട്ടില്ലെന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ മറുപടി.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചോദ്യം ചെയ്യലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വര്‍ണം പൂശാനുള്ള അനുമതിക്കായി ഉണ്ണികൃഷ്ണന്‍ പോറ്റി തനിക്കോ, ഓഫീസിനോ കത്ത് നല്‍കിയിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ മൊഴി നല്‍കി. ഉണ്ണികൃഷ്ണന്‍ പോറ്റി മന്ത്രിയുടെ ഓഫീസ് സന്ദര്‍ശിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, ശബരിമല സന്നിധാനത്ത് വെച്ചല്ലാതെ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കണ്ടിട്ടില്ലെന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ മറുപടി.
ഒരുമിച്ചിരിക്കുന്ന ചിത്രങ്ങള്‍ സംഭവിച്ചത് എങ്ങനെ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. ബാംഗ്ലൂരിലെ മലയാളി സമാജം പരിപാടിക്ക് പോയപ്പോഴുള്ള ചിത്രങ്ങളെന്നായിരുന്നു മറുപടി. ക്രൈം ബ്രാഞ്ച് ആസ്ഥാനത്തു വെച്ചാണ് കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത്.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉന്നതരിലേക്ക് അന്വേഷണം പോകാത്തതിനെതിരെ ഹൈക്കോടതിയുടെ അതൃപ്തി വിവാദമായിരുന്നു. പിന്നാലെയാണ് എസ്ഐടിയുടെ നിര്‍ണ്ണായക ചോദ്യം ചെയ്യല്‍ നീക്കം. കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ട് മണിക്കൂര്‍ സമയം നീണ്ടുനിന്ന ചോദ്യം ചെയ്യല്‍ നടന്നത്.
ഉണ്ണി കൃഷ്ണന്‍ പോറ്റിയെ പരിചയം ഉണ്ടെന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ മൊഴി. ശബരിമലയിലെ സ്പോണ്‍സര്‍ എന്ന നിലയില്‍ മാത്രമാണ് പരിചയം. പോറ്റിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും മൊഴിയുണ്ട്. ശബരിമലയിലെ മെയിന്റനന്‍സ് ജോലികള്‍ വകുപ്പ് അറിയില്ല. തീരുമാനം എടുക്കുന്നത് ദേവസ്വം ബോര്‍ഡാണ്.ഇക്കാര്യത്തില്‍ വകുപ്പ് ഇടപെടലോ അറിവോ ഇല്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ മൊഴി നല്‍കി.
.jpg)


