സർവകലാശാലകളിൽ ഇഷ്ടക്കാരെ ഉപയോഗിച്ചുള്ള ഇന്‍ചാര്‍ജ് ഭരണം : വി.ഡി സതീശൻ

google news
VD Satheesan

തിരുവനന്തപുരം : സർവകലാശാലകളിൽ ഇഷ്ടക്കാരെ ഉപയോഗിച്ചുള്ള ഇന്‍ചാര്‍ജ് ഭരണമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സാധാരണയായി ഒരു വി.സിയുടെ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് തന്നെ പുതിയ ആളെ കണ്ടെത്തുന്നതിനുള്ള നടപടിക്രമം ആരംഭിക്കാറുണ്ട്. വി.സിമാരെ തെരഞ്ഞെടുക്കുന്ന സേര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാല പ്രതിനിധികളെ അയക്കരുതെന്നാണ് സി.പി.എം നിർദേശിച്ചിരിക്കുന്നത്.

സര്‍വകലാശാല പ്രതിനിധി ഇല്ലാതെ സേര്‍ച്ച് കമ്മിറ്റി ഉണ്ടാക്കാനാകില്ല. എന്നിട്ടും സര്‍ക്കാരും ഉന്നത വിദ്യാഭ്യാസമന്ത്രിയും നോക്കുകുത്തിയായി ഇരിക്കുകയാണ്. ഇന്‍ചാര്‍ജുകാരന്‍ നല്‍കുന്ന ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ട അവസ്ഥയിലാണ് വിദ്യാർഥികള്‍.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖല തകര്‍ച്ച നേരിടുന്ന കാലമാണ്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കാറായിട്ടും എട്ട് സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരില്ലാതെ ഇന്‍ചാര്‍ജ് ഭരണമാണ് നടക്കുന്നത്. എ.ജി സര്‍വകലാശാല വി.സിയുടെ കാലാവധി ഈ മാസം അവസാനിക്കാനിരിക്കെ പുതിയ വി.സി തെരഞ്ഞെടുക്കാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല.

കണ്ണൂര്‍ വി.സിയുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് കേസിലെ അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അവശേഷിക്കുന്ന നാല് സര്‍വകലാശാലകളിലെ വി.സിമാര്‍ക്ക് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ എന്തുകൊണ്ട് രാജിവക്കുന്നില്ലെന്ന് ചോദിച്ച് ചാന്‍സലര്‍ ഷോക്കോസ് നോട്ടീസ് നല്‍കിയിരിക്കുകയാണ്.

സാങ്കേതിക സര്‍വകലാശാലയില്‍ നിയമവിരുദ്ധമായാണ് കാലാവധി കഴിഞ്ഞ വി.സി തുടരുന്നത്. ഇങ്ങനെ സമീപ ദിവസങ്ങളില്‍ കേരളത്തിലെ 14 സര്‍വകലാശാലകളിലും വി.സിമാര്‍ ഇല്ലാത്ത വിചിത്രമായ അവസ്ഥയുണ്ടാകും.

സംസ്ഥാനത്തെ 66 സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരെയും നിയമിച്ചിട്ടില്ല. എല്ലാ നടപടിക്രമങ്ങളും പാലിച്ച് യോഗ്യതയുമുള്ള 43 അധ്യാപകരുടെ പട്ടിക പത്ത് മാസമായി ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ മേശപ്പുറത്തുണ്ട്. മതിയായ യോഗ്യത ഇല്ലാത്തതിനാല്‍ സി.പി.എമ്മിന് വേണ്ടപ്പെട്ട നേതാക്കള്‍ പുറത്തായതു കൊണ്ടാണ് നിയമനം നടത്താതെ ആ പട്ടികക്ക് മേല്‍ അടയിരിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അനിശ്ചിതത്വത്തെ തുടര്‍ന്ന് നാല്‍പ്പതിനായിരത്തോളം വിദ്യാര്‍ഥികളാണ് കേരളം വിടുന്നത്. നിലവാരത്തകര്‍ച്ചയും നാഥനില്ലാത്ത അവസ്ഥയും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഗുരുതരാവസ്ഥയിലാക്കിയിരിക്കുകയാണ്. ഒരു കാലത്തും ഇല്ലാത്ത പ്രതിസന്ധിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇഷ്ടക്കാരെ വയ്ക്കാന്‍ പറ്റാത്തത് കൊണ്ടാണ് വി.സിമാരും പ്രിന്‍സിപ്പല്‍മാരും വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും സതീശൻ പറഞ്ഞു.

Tags