കേരളത്തില്‍ എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Union Minister Suresh Gopi reiterates that AIIMS will come to Kerala

കൊച്ചി : കേരളത്തില്‍ എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചത് മുന്‍ഗണനയെ കുറിച്ച് മാത്രമാണെന്നും എയിംസിന് തറക്കല്ലെങ്കിലും ഇടാതെ അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കാന്‍ വരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തില്‍ എയിംസ് സ്ഥാപിക്കാനുള്ള 5 സ്ഥലങ്ങളുടെ പ്രെപ്പോസല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും നല്‍കിയിട്ടില്ലെന്നും സുരേഷ് ഗോപി ചൂണ്ടിക്കാണിച്ചു.

'ഇത് തുടങ്ങിയ കാലം തൊട്ട് എയിംസിന്റെ പേരില്‍ ഇങ്ങനെയുള്ള തര്‍ക്കം നടക്കുന്നുണ്ട്. തൃശൂര്‍ ഉള്‍പ്പെടെ എവിടെയെല്ലാം സ്ഥലം ഏറ്റെടുക്കാന്‍ കഴിയുമെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചോ? അഞ്ച് സ്ഥലം മിനിമം വേണം. അത് കേന്ദ്രത്തിന് കൊടുത്തിട്ടുണ്ടോ? അതില്‍ തൃശൂരുണ്ടോ? കോടതി ചോദിച്ചത് ജനങ്ങള്‍ക്കു വേണ്ടിയാണ്. 2025 ജൂണില്‍ എറണാകുളത്ത് എത്തിയ കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡ കേരളത്തില്‍ കൃത്യമായ സമയത്ത് എയിംസ് വരുമെന്ന് വ്യക്തമാക്കിയിരുന്നു. അപ്പോ വരും. അതുതന്നെയാണ് എനിക്കും പറയാനുള്ളത്. എന്നാല്‍ ആലപ്പുഴ വേണോ തൃശൂര്‍ വേണോ എന്ന് ആദ്യം കേരള സര്‍ക്കാര്‍ പറയണം. കേരളത്തില്‍ എയിംസിന് തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് ഞാന്‍ വരില്ല. ഇതിനപ്പുറം എന്ത് വാക്കാണ് എന്റെ ഭാഗത്തുനിന്ന് വരേണ്ടത്?' -സുരേഷ് ഗോപി പറഞ്ഞു.

Tags