കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന: സി. സദാനന്ദൻ കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണനയിലെന്ന് സൂചന; കേരള ബിജെപിക്ക് പ്രതീക്ഷ
തിരുവനന്തപുരം: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, നരേന്ദ്ര മോദി സർക്കാരിൽ സംസ്ഥാനത്തിന് കൂടുതൽ പ്രാതിനിധ്യം ലഭിക്കുമെന്ന പ്രതീക്ഷയിൽ കേരള ബിജെപി ഘടകം. കേന്ദ്രമന്ത്രിസഭയിലേക്ക് രാജ്യസഭാ എംപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ സി. സദാനന്ദന്റെ പേര് സജീവമായി പരിഗണിക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ. രാജ്യസഭാ കാലാവധി പൂർത്തിയായതിനെ തുടർന്ന് കേന്ദ്രമന്ത്രിയായിരുന്ന ജോർജ് കുര്യൻ ജൂണിൽ രാജിവച്ചതോടെ നിലവിൽ കേന്ദ്രമന്ത്രിസഭയിൽ കേരളത്തിൽ നിന്നുള്ള ഏക പ്രതിനിധി സുരേഷ് ഗോപി മാത്രമാണ്. ജോർജ് കുര്യന് രണ്ടാമതൊരു ഊഴം കൂടി നൽകേണ്ടതില്ലെന്ന് ബിജെപി ദേശീയ നേതൃത്വം തീരുമാനിച്ചതോടെയാണ് കേരളത്തിന്റെ പ്രാതിനിധ്യം ഒന്നായി ചുരുങ്ങിയത്.
കണ്ണൂർ സ്വദേശിയായ സി. സദാനന്ദനെ 2025 ജൂലൈയിലാണ് രാഷ്ട്രപതി ദ്രൗപദി മുർമു രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്. സിപിഎമ്മിന്റെ രാഷ്ട്രീയ അക്രമങ്ങൾ തുറന്നുകാട്ടാൻ ലക്ഷ്യമിട്ട് ആർഎസ്എസ് നടത്തിയ ഇടപെടലാണ് അദ്ദേഹത്തെ രാജ്യസഭയിലെത്തിക്കുന്നതിൽ നിർണായകമായത്. 1994-ൽ സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ അദ്ദേഹത്തിന് രണ്ടു കാലുകളും നഷ്ടപ്പെട്ടിരുന്നു.
നവംബറിൽ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. സദാനന്ദനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന് സംസ്ഥാന ബിജെപി നേതൃത്വത്തിനൊപ്പം ആർഎസ്എസും ശക്തമായ പിന്തുണ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മന്ത്രിസഭയിലേക്കുള്ള വരവ് സംഘടനാതലത്തിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും പാർട്ടിക്ക് വലിയ രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്നാണ് ബിജെപി വിലയിരുത്തുന്നത്. കൂടാതെ, സിപിഎമ്മിനെയും കോൺഗ്രസിനെയും ഒരുപോലെ രാഷ്ട്രീയമായി നേരിടാൻ ശേഷിയുള്ള ഒരു നേതാവിന്റെ സാന്നിധ്യം കേന്ദ്രമന്ത്രിസഭയിൽ ആവശ്യമാണെന്നും പാർട്ടി നേതൃത്വം കരുതുന്നു.
.jpg)

