ചിറയിൻകീഴില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെ അജ്ഞാത സംഘത്തിന്റെ ബോംബാക്രമണം

d

ബോംബിന് സമാനമായ മൂന്ന് സ്ഫോടക വസ്തുക്കളാണ് വീടിന് നേരെ എറിഞ്ഞത്.

തിരുവനന്തപുരം. ചിറയിൻകീഴില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെ അജ്ഞാത സംഘത്തിന്റെ ബോംബാക്രമണം.ശാർക്കര ലോക്കല്‍ കമ്മിറ്റിയംഗവും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ ബീജ സുരേഷിന്റെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ ആക്രമണമുണ്ടായത്.

 ബോംബിന് സമാനമായ മൂന്ന് സ്ഫോടക വസ്തുക്കളാണ് വീടിന് നേരെ എറിഞ്ഞത്. ഇതില്‍ രണ്ടെണ്ണം ഗേറ്റിനുള്ളില്‍ വീണ് പൊട്ടിത്തെറിച്ചു. മറ്റൊന്ന് സിറ്റൗട്ടില്‍ വീണെങ്കിലും പൊട്ടിത്തെറിക്കാത്തതിനാല്‍ വലിയൊരു ദുരന്തമാണ് ഒഴിവായത്.

സംഭവസമയത്ത് ബീജയുടെ ഭർത്താവ് സുരേഷ്, 13 വയസ്സുള്ള മകള്‍, മാതാപിതാക്കള്‍ എന്നിവർ വീടിനുള്ളിലുണ്ടായിരുന്നു. പിന്നീട് പുറത്തിറങ്ങി നടത്തിയ പരിശോധനയിലാണ് മഴക്കോട്ട് ധരിച്ച്‌ ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചിറയിൻകീഴ് പോലീസ് പരിശോധന നടത്തുകയും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Tags