സിപിഎം-ബിജെപി ‘അവിശുദ്ധ സന്ധി’, അതുകൊണ്ടാണ് കേരളത്തിലെ ഭരണകർത്താക്കൾക്കെതിരെയുള്ള അഴിമതിക്കേസുകളിൽ കേന്ദ്രം വിട്ടുവീഴ്ച ചെയ്യുന്നത് : രാഹുൽ ഗാന്ധി

RAHUL GANDHI

 ബിജെപിയും സിപിഎം നേതാക്കളും തമ്മിൽ അവിശുദ്ധമായ ഒരു ഒത്തുകളി നിലനിൽക്കുന്നുണ്ടെന്നും അതുകൊണ്ടാണ് കേരളത്തിലെ ഭരണകർത്താക്കൾക്കെതിരെയുള്ള അഴിമതിക്കേസുകളിൽ കേന്ദ്രം വിട്ടുവീഴ്ച ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. കോഴിക്കോട് നടന്ന യുഡിഎഫ് റാലിയിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയോട് വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന തനിക്ക് നിലവിൽ 46 കേസുകളുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ സിപിഎം നേതാക്കൾ അഴിമതിക്കേസുകളിൽ നിന്ന് അനായാസം രക്ഷപ്പെടുന്നത് രാഷ്ട്രീയമായ ഒത്തുകളിയുടെ ഭാഗമാണ്. അയ്യനെ പോലും ബഹുമാനിക്കാത്തവർക്ക് എങ്ങനെയാണ് കേരളത്തിലെ ജനങ്ങളെ ബഹുമാനിക്കാൻ സാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

പ്രസംഗത്തിനിടെ കേരളീയരുടെ സ്നേഹത്തെയും സേവനമനോഭാവത്തെയും രാഹുൽ ഗാന്ധി വാനോളം പുകഴ്ത്തി. കഴിഞ്ഞ രാത്രി തന്റെ അമ്മ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അവിടെയുണ്ടായിരുന്ന ഒരു മലയാളി നേഴ്സ് സ്വന്തം അമ്മയെപ്പോലെയാണ് അവരെ പരിചരിച്ചത്. ഒരു പോള കണ്ണടയ്ക്കാതെ തന്റെ ഉത്തരവാദിത്തം നിർവ്വഹിച്ച ആ നഴ്‌സിന്റെ പ്രവൃത്തി ഓരോ കേരളീയന്റെയും മഹത്തായ സ്വഭാവത്തിന്റെ പ്രതിഫലനമാണ്. ജാതിയും മതവും നിറവും നോക്കാതെ സ്വന്തം ഉത്തരവാദിത്തങ്ങളെ നെഞ്ചോട് ചേർത്തുപിടിക്കുന്നവരാണ് മലയാളികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Tags