യുനെസ്കോ ചെയറുകൾ സംഘടനയുടെ വലിയ കരുത്ത്: ദക്ഷിണേഷ്യൻ റൗണ്ട് ടേബിൾ സമ്മേളനം അമൃതപുരിയിൽ

UNESCO Chairs are a great strength of the organization: South Asian Round Table Conference in Amritapuri

കൊല്ലം: യുനെസ്കോയുടെ പ്രവർത്തനങ്ങളുടെയും നയപരമായ തീരുമാനങ്ങളുടെയും അവിഭാജ്യ ഘടകവും ഏറ്റവും വലിയ കരുത്തുമാണ് യുനെസ്‌കോ ചെയറുകളെന്ന് യുനെസ്കോ ന്യൂഡൽഹി റീജിയണൽ ഓഫീസ് ഡയറക്ടർ ടിം കർട്ടിസ് പ്രസ്താവിച്ചു. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ നടന്ന ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ യുനെസ്കോ ചെയറുകളുടെ രണ്ടുദിവസത്തെ റൗണ്ട് ടേബിൾ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുനെസ്കോ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടന്ന ഹൈബ്രിഡ് സമ്മേളനത്തിൽ ഇന്ത്യ, നേപ്പാൾ, ബംഗ്ളാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യുനെസ്കോ പ്രതിനിധികളും വിദഗ്ധരും പങ്കെടുത്തു. വിദ്യാഭ്യാസം, സുസ്ഥിരത, ലിംഗസമത്വം, സാമൂഹിക വികസനം തുടങ്ങിയ മേഖലകളിലെ പരസ്പര സഹകരണം ശക്തമാക്കുകയായിരുന്നു ലക്ഷ്യം. അമൃത സർവ്വകലാശാലയിൽ പ്രവർത്തിക്കുന്ന മൂന്ന് യുനെസ്‌കോ ചെയറുകളാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത്.

സൂസൻ വൈസ് (ബംഗ്ലാദേശ്), ജാക്കോ ഡു ടോയ്റ്റ് (നേപ്പാൾ) ഉൾപ്പെടെയുള്ള യുനെസ്കോയുടെ അന്താരാഷ്ട്ര പ്രതിനിധികൾ സമ്മേളനത്തിനെത്തിയിരുന്നു. അമൃതപുരിയിലെത്തിയ സംഘം സർവ്വകലാശാലാ ചാൻസലർ മാതാ അമൃതാനന്ദമയി ദേവിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഏഷ്യയിൽ ഏറ്റവും കൂടുതൽ യുനെസ്‌കോ ചെയറുകൾ (ലിംഗസമത്വം, സുസ്ഥിര വികസനം, അസിസ്റ്റീവ് ടെക്നോളജി എന്നീ മേഖലകളിൽ) പ്രവർത്തിക്കുന്ന സർവ്വകലാശാലയാണ് അമൃത.
 

Tags