തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഗർഭസ്ഥ ശിശു മരിച്ചു
പ്രസവ ശസ്ത്രക്രിയ നടത്താൻ വൈകിയതാണ് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.
കണ്ണൂർ: തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഗർഭസ്ഥ ശിശു മരിച്ചു. പേരാവൂർ വെള്ളാർവള്ളി സ്വദേശി വിജേഷ് - ശ്രീജ ദമ്പതികളുടെ ആദ്യ കുഞ്ഞാണ് മരിച്ചത്. പ്രസവ ശസ്ത്രക്രിയ നടത്താൻ വൈകിയതാണ് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.
9 മാസം ഗർഭിണിയായ ശ്രീജയെ (40) ചൊവ്വാഴ്ച രാവിലെയോടെയാണ് പ്രസവത്തിനായി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ലേബർ റൂമിലേക്ക് മാറ്റി.
രാവിലെ എട്ട് മണിയോടെ കുഞ്ഞ് പകുതി മാത്രം പുറത്തുവരുന്ന അവസ്ഥയാണെന്നും അടിയന്തര ശസ്ത്രക്രിയ വേണമെന്നും ഡോക്ടർ ബന്ധുക്കളെ അറിയിച്ചു. എന്നാൽ ഒരു മണിക്കൂർ കഴിഞ്ഞിട്ടും ഓപ്പറേഷൻ നടത്തിയില്ലെന്നും രാവിലെ 10 മണിയോടെ കുഞ്ഞ് മരിച്ചതായി അറിയിക്കുകയായിരുന്നുവെന്നും കുഞ്ഞിന്റെ പിതാവ് വിജേഷും ബന്ധുക്കളും പറഞ്ഞു.വീഴ്ച പറ്റിയിട്ടില്ലെന്ന് ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് പറഞ്ഞു. ഗർഭപാത്രത്തിൽ കുഞ്ഞും മറുപിള്ളയും വേർപെട്ടു. തുടർന്നുണ്ടായ അബ്രപ്ഷോ പ്ലാസന്‍റ എന്ന അവസ്ഥയാണ് മരണകാരണമെന്നും ഡോക്ടർ വിശദീകരിച്ചു.
.jpg)

