ചെന്നിത്തലയുടെ 'ചിന്ന പയ്യന്'; മറികടക്കാനാകാത്ത റെക്കോർഡുകൾ, ജനകീയ നേതാവിന്റെ കരുത്ത്
ആലപ്പുഴ: മുഖ്യമന്ത്രിസ്ഥാനം കൈവിട്ടിട്ടും പതറാതെ മന്ത്രിസഭയിലെ രണ്ടാമനായി കരുത്ത് തെളിയിച്ചാണ് രമേശ് ചെന്നിത്തല വീണ്ടും ആഭ്യന്തരമന്ത്രിക്കസേരയിലെത്തുന്നത്. രാഷ്ട്രീയത്തിലെ തിരക്കിനിടയിലും എഴുത്തും വായനും കൂടെ കൂട്ടി രണ്ടരവർഷമെടുത്ത് പൂർത്തിയാക്കിയ സ്വന്തം നോവൽ ‘നിയോഗം’ പോലെതന്നെയാണ് കാലം കാത്തുവെച്ച പുതിയ പദവിയും. ലീഡർ കെ. കരുണാകരന്റെ മാനസപുത്രനായി 1986ൽ 28ാം വയസ്സിൽ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയെന്ന റെക്കോഡും സ്വന്തം പേരിലാണ്. ആദ്യ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ട രമേശിനെ ഹരിപ്പാട്ടുകാർ നെഞ്ചിലേറ്റി. അന്ന് മന്ത്രിയായതോടെ തിളക്കംകൂട്ടി 1987ൽ വീണ്ടും പോരിനിറങ്ങി വിജയിച്ചു. അന്ന് തെരഞ്ഞെടുപ്പുകാലത്ത് എതിരാളികള്‍ വിളിച്ച മുദ്രാവാക്യം ചെന്നിത്തലയുടെ ചിന്ന പയ്യന്, വട്ടുകളിക്കാന്‍ പോ പയ്യാ എന്നായിരുന്നു. മന്ത്രിസഭയിലെത്തിയതോടെ ചെന്നിത്തലയിലെ ചിന്ന പയ്യന് നാടുഭരിച്ചത് കണ്ടോളൂ എന്നു തിരിച്ചു വിളിക്കും വിധമായിരുന്നു രമേശ് ചെന്നിത്തല ഭരണരംഗം കൈകാര്യം ചെയ്തത്.
ഗ്രാമവികസന വകുപ്പാണ് രമേശ് കൈകാര്യം ചെയ്തത്. ആ റിക്കാര്‍ഡ് ഇന്നുവരെ ആര്‍ക്കും മറികടക്കാന്‍ കഴിഞ്ഞിട്ടില്ല. 2014- 2016 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിൽ ആഭ്യന്തര മന്ത്രിയായും 2016 മുതല്‍ 2021 വരെ പ്രതിപക്ഷ നേതാവായും അദ്ദേഹം തിളങ്ങി. 1982, 1987 വര്‍ഷങ്ങളിലും 2011 മുതല്‍ 2026 വരെ ഹരിപ്പാടിനെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഹരിപ്പാട്നിന്ന് 23377 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഐയിലെ ടി.ടി. ജിസ്മോനെ ചെന്നിത്തല പരാജയപ്പെടുത്തിയത്.
യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനി മുന്‍ ഡെവലപ്മെന്റ് ഓഫീസറായ ഭാര്യ അനിത, ശ്രീ ഉത്രാടം തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ റേഡിയോളജിസ്റ്റായ മകന് ഡോ. രോഹിത് ചെന്നിത്തല, മംഗളൂരു ഇന്‍കം ടാക്സ് ഡെപ്യൂട്ടി കമ്മീഷണറായ മകന് രമിത് ചെന്നിത്തല എന്നിവരടങ്ങുന്നതാണ് ചെന്നിത്തലയുടെ കുടുംബം.
.jpg)

