സർ, എന്റെ ഫോൺ പരിശോധിച്ചോ, എന്നെ ഊരിയെടുക്കാനുള്ളത് വക്കീലിന് കിട്ടും ; അറസ്റ്റിലായിട്ടും കൂസലില്ലാത്ത അഭിരാം കൊലക്കേസ് പ്രതി ഉമർ മുഫ്താർ

abhiram

ഉമറിന്റെ മുൻകാല മോഷണരീതികളും അന്വേഷണത്തിൽ പ്രധാന ചർച്ചയാണ്. വീടുകളിലും സ്ഥാപനങ്ങളിലും കയറി മോഷണം നടത്തുന്നതിന് മുമ്പ് സ്ഥലത്തിന്റെ ഘടനയും ക്യാമറകളുടെ സ്ഥാനവും പ്രവേശനമാർഗങ്ങളും ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ ഇയാൾക്ക് കഴിയുമെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. മോഷ്ടിക്കുന്ന സ്വർണം മുഴുവനായി ഒരിടത്ത് വിൽക്കാതെ തമിഴ്നാട്ടിലെ മർത്താണ്ഡം, നാഗർകോവിൽ തുടങ്ങിയ സ്ഥലങ്ങളിൽ ചെറിയ അളവുകളായി വിൽക്കുന്നതാണ് പതിവെന്നും അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.

 തിരുവനന്തപുരം: അഭിരാം കൊലക്കേസിൽ പ്രതി ഉമർ മുഫ്താർ പോലീസിനോട് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. “സർ, എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം എന്റെ വക്കീലിന് കിട്ടിക്കോളും” — ചോദ്യം ചെയ്യലിനിടെ ഉമർ മുഫ്താർ പോലീസിനോട് പറഞ്ഞു. അറസ്റ്റിലായിട്ടും ഒട്ടും കൂസലില്ലാത്ത പെരുമാറ്റം, ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചിട്ടും നിർണായക വിവരങ്ങൾ മറച്ചുവെച്ചെന്ന പോലീസിന്റെ സംശയം… പാങ്ങപ്പാറയിൽ 17-കാരൻ അഭിരാം കൊല്ലപ്പെട്ട കേസിൽ ഉമറിന്റെ ആത്മവിശ്വാസമാണ് ഇപ്പോൾ അന്വേഷണസംഘത്തിന്റെ ശ്രദ്ധാകേന്ദ്രം. കൊലപാതകത്തിന്റെ ആസൂത്രണത്തിന് പിന്നിൽ ഉമറാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നഗരത്തിൽ മോഷണക്കേസുകളിലും ലഹരിസംഘങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിലും നേരത്തേ പോലീസിന്റെ ശ്രദ്ധയിലുണ്ടായിരുന്ന ഇയാൾ, ഇത്തവണ ആദ്യമായി ഒരു കൊലക്കേസിൽ പ്രതിയായിരിക്കുകയാണ്.

കാമുകിക്ക് മറ്റൊരു ആൺസുഹൃത്ത് ഉണ്ടായതിനെത്തുടർന്നുണ്ടായ തർക്കവും പ്രതികാരവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ. പുതിയ സുഹൃത്തിനെ പാഠം പഠിപ്പിക്കാനായിരുന്നു ഒന്നാം പ്രതിയായ 17-കാരന്റെ പദ്ധതി. ഇതിനായി സുഹൃത്തായ ഉമറിന്റെ സഹായം തേടി. ലക്ഷ്യമിട്ടിരുന്ന യുവാവിനെ എത്തിക്കാനുള്ള നീക്കത്തിനിടെയാണ് അഭിരാം കെണിയിൽപ്പെട്ടത്. ആനന്ദ എന്ന പെൺകുട്ടിയിലൂടെ രണ്ട് ദിവസത്തോളം ചാറ്റ് ചെയ്ത് അഭിരാമിന്റെ വിശ്വാസം നേടിയെടുത്തുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. തുടർന്ന് ആനന്ദയുടെ പേരിൽ ഇൻസ്റ്റഗ്രാമിലൂടെ സന്ദേശമയച്ച് അഭിരാമിനെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തി.

അവിടെ കാത്തുനിന്നിരുന്ന 17-കാരൻ പൊതുവായ സുഹൃത്തുക്കളെ കാണിക്കാമെന്ന് പറഞ്ഞ് അഭിരാമിനെ കുറ്റകൃത്യം നടന്ന കാടുപിടിച്ച സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ ഉമറും എത്തിയിരുന്നു. പ്രധാന വഴിയിലെ നിരീക്ഷണ ക്യാമറകൾ ഒഴിവാക്കി മറ്റൊരു വഴിയിലൂടെ സ്ഥലത്തെത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ലക്ഷ്യമിട്ടിരുന്ന യുവാവിനെ വിളിച്ചുവരുത്താൻ അഭിരാമിനോട് ആവശ്യപ്പെട്ടെങ്കിലും അയാൾ എത്തിയില്ല. അപകടം മനസ്സിലാക്കി രക്ഷപ്പെടാൻ ശ്രമിച്ച അഭിരാമിനെ പ്രതികൾ ബലപ്രയോഗത്തിലൂടെ കീഴടക്കി കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. മൃതദേഹം വാഴക്കൂട്ടത്തിനിടയിൽ ഒളിപ്പിച്ച ശേഷം തുടർനടപടികൾ ആലോചിക്കാൻ പ്രതികൾ അവിടെനിന്ന് മാറി.

ഉമറിന്റെ മുൻകാല മോഷണരീതികളും അന്വേഷണത്തിൽ പ്രധാന ചർച്ചയാണ്. വീടുകളിലും സ്ഥാപനങ്ങളിലും കയറി മോഷണം നടത്തുന്നതിന് മുമ്പ് സ്ഥലത്തിന്റെ ഘടനയും ക്യാമറകളുടെ സ്ഥാനവും പ്രവേശനമാർഗങ്ങളും ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ ഇയാൾക്ക് കഴിയുമെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. മോഷ്ടിക്കുന്ന സ്വർണം മുഴുവനായി ഒരിടത്ത് വിൽക്കാതെ തമിഴ്നാട്ടിലെ മർത്താണ്ഡം, നാഗർകോവിൽ തുടങ്ങിയ സ്ഥലങ്ങളിൽ ചെറിയ അളവുകളായി വിൽക്കുന്നതാണ് പതിവെന്നും അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.

ഉദാഹരണത്തിന് 30 പവൻ മോഷ്ടിച്ചാൽ അഞ്ചു പവൻ മാത്രം വിറ്റതായി സമ്മതിക്കുകയും ബാക്കി ഒളിപ്പിക്കുകയും ചെയ്യുമെന്നാണ് പോലീസിന്റെ സംശയം. പിടിയിലായാൽ വിറ്റ സ്വർണം മാത്രമാണ് വീണ്ടെടുക്കാൻ കഴിയുക. പിന്നീട് ജാമ്യം നേടി പുറത്തിറങ്ങിയാൽ ഒളിപ്പിച്ച സ്വർണം വിൽക്കുന്നതിലൂടെ അഭിഭാഷകർക്കുള്ള ഫീസ് ഉൾപ്പെടെയുള്ള ചെലവുകൾ കണ്ടെത്തുന്നുവെന്നും പോലീസ് സംശയിക്കുന്നു. കേസുകളിലെ നിയമപരമായ പഴുതുകൾ ഉപയോഗിച്ച് രക്ഷപ്പെടാൻ ഇയാൾ ശ്രമിക്കാറുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. പാങ്ങപ്പാറയിലെ 17-കാരനുമായി ഉമറിന് അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും ഇരുവരും മുമ്പ് മോഷണത്തിന് ഒരുമിച്ച് പോയിട്ടുണ്ടെന്നും പോലീസ് പറയുന്നു.

അഭിരാമിന്റെ വീട്ടുകാരുടെ പരാതിയിൽ തിരോധാനക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെയാണ് പ്രതികളിലേക്ക് പോലീസ് എത്തിയത്. സിറ്റി പോലീസ് കമ്മിഷണറുടെ ഡാൻസാഫും കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ പ്രത്യേക സംഘവും നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. ആദ്യം കൊലപാതകത്തിന്റെ ഉത്തരവാദിത്തം താൻ ഒറ്റയ്ക്കാണ് ഏറ്റെടുത്തതെന്ന് ഒന്നാം പ്രതിയായ 17-കാരൻ മൊഴി നൽകിയെങ്കിലും ഉമറിന്റെ പങ്ക് മറച്ചുവെച്ചതാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ശാസ്ത്രീയ തെളിവുകൾ നിരത്തിയതോടെയാണ് ഉമറും കൊലപാതകത്തിൽ പങ്കാളിയായിരുന്നുവെന്ന് സമ്മതിച്ചതെന്നാണ് വിവരം. എന്നാൽ അഭിരാമിന്റെയും ആനന്ദയുടെയും ഒന്നാം പ്രതിയുടെയും ഫോണുകളും പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങളും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവ തോട്ടിൽ ഉപേക്ഷിച്ചെന്നാണ് പ്രതികളുടെ മൊഴി. സ്കൂബാ സംഘം തിരച്ചിൽ നടത്തിയിട്ടും തെളിവുകൾ ലഭിച്ചിട്ടില്ല. ഉമർ സ്വന്തം ഫോൺ മറ്റൊരിടത്ത് ഏൽപ്പിച്ച ശേഷമാണ് എത്തിയതെന്നും, ഫോൺ പരിശോധിച്ചാൽ തനിക്കെതിരായ കേസ് ദുർബലപ്പെടുത്താൻ സഹായിക്കുന്ന വിവരങ്ങൾ ലഭിക്കുമെന്നുമാണ് ഇയാൾ പറഞ്ഞതെന്നും പോലീസ് സംശയിക്കുന്നു. മോഷണക്കേസുകളിൽ നിന്ന് വ്യത്യസ്തമായി ഗുരുതരമായ കൊലക്കേസായതിനാൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് കോടതിയിൽ കുറ്റം തെളിയിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. അഭിരാമിന്റെ മരണത്തിന് ഉത്തരവാദികളായ എല്ലാവർക്കും നിയമപ്രകാരം ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം, പ്രായപൂർത്തിയാകാത്തവരെന്ന പരിഗണന കുറ്റകൃത്യങ്ങൾക്ക് മറയാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന ആവശ്യവും ഈ സംഭവം ഉയർത്തുന്നു.

Tags