സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് രശ്മികള്‍ ഉയരുന്നു; ജാഗ്രതാ നിര്‍ദേശം

hot

കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും ഉയര്‍ന്ന യുവി സൂചിക ഇടുക്കി ജില്ലയിലെ മൂന്നാറിലാണ് രേഖപ്പെടുത്തിയത്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്ന പശ്ചാത്തലത്തില്‍ അള്‍ട്രാവയലറ്റ് (യുവി) രശ്മികളുടെ തോത് ഉയരുന്നതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.വിവിധ ജില്ലകളില്‍ യുവി സൂചിക ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ദുരന്തനിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്‌റ്റേഷനുകളിലെ തല്‍സമയ കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും ഉയര്‍ന്ന യുവി സൂചിക ഇടുക്കി ജില്ലയിലെ മൂന്നാറിലാണ് രേഖപ്പെടുത്തിയത്. ഇവിടെ സൂചിക ഒന്‍പത് വരെ ഉയര്‍ന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശേരി, തൃത്താല, പൊന്നാനി എന്നിവിടങ്ങളിലും സൂചിക എട്ടായി രേഖപ്പെടുത്തിയതോടെ ഓറഞ്ച് അലേര്‍ട്ട് നിലവിലുണ്ട്. കൊട്ടാരക്കര, ഒല്ലൂര്‍, കളമശേരി എന്നിവിടങ്ങളില്‍ സൂചിക ഏഴായതിനാല്‍ യെല്ലോ അലേര്‍ട്ടും ബേപ്പൂര്‍, മാനന്തവാടി എന്നിവിടങ്ങളില്‍ ആറായി തുടരുന്നതിനാല്‍ ജാഗ്രത നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

യുവി സൂചിക ആറു മുതല്‍ ഏഴു വരെ യെല്ലോ അലേര്‍ട്ടും എട്ടു മുതല്‍ പത്തു വരെ ഓറഞ്ച് അലേര്‍ട്ടും 11ന് മുകളിലായാല്‍ റെഡ് അലേര്‍ട്ടുമാണ് പ്രഖ്യാപിക്കുക. 

Tags