ചൂട് കൂടുന്നു, അൾട്രാവയലറ്റ് വികിരണവും; ലോക്ക്ഡൗണിന് സമാന ജാഗ്രത വേണം
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനിലയും ഉയർന്ന അന്തരീക്ഷ ഈർപ്പവും മൂലം അത്യുഷ്ണം അനുഭവപ്പെടുകയും ഉഷ്‌ണതരംഗ സമാന സാഹചര്യം നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്താകെ അതീവ ജാഗ്രത പുലർത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി. ചൂടിലെ വർധനവ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാനും മരണത്തിന് വരെ കാരണമായേക്കാവുന്നതുമാണ്.
ചൂട് വർധിക്കുന്നതു കൂടാതെ സംസ്ഥാനത്ത് പല ജില്ലകളിലും അൾട്രാവയലറ്റ് വികിരണത്തോതും ഉയരുന്നുണ്ട്. 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട (കോന്നി), ആലപ്പുഴ (ചെങ്ങന്നൂർ), കോട്ടയം (ചങ്ങനാശ്ശേരി), ഇടുക്കി (മൂന്നാർ) എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട്. ഏഴ് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
പരമാവധി പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങുന്നതും കൂടുതൽ സമയം ശരീരരത്തിൽ വെയിലേൽക്കുന്നതും ഒഴിവാക്കുക. ലോക്ക്ഡൗണിന് സമാനമായ ജാഗ്രത ഈ ഘട്ടത്തിൽ ആവശ്യമാണ്. ആയതിനാൽ പകൽ സമയത്ത് ജനങ്ങൾ സ്വയം ലോക്ക്ഡൗൺ ചെയ്യണമെന്ന് അഭ്യർഥിക്കുന്നു. പ്രത്യേകിച്ച് ഹൃദ്രോഗം, പ്രമേഹം, ചർമരോഗങ്ങൾ, കാൻസർ പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും പ്രായമായവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ, ആൽബനിസം പോലെയുള്ള അവസ്ഥയുള്ളവർ എല്ലാം പുറത്തിറങ്ങുന്നത് നിർബന്ധമായും ഒഴിവാക്കണം. ഉഷ്ണം ഇവരുടെ ആരോഗ്യാവസ്ഥ കൂടുതൽ വഷളാക്കും. വീടിനകത്തും ഇവർക്ക് പ്രത്യേക ശ്രദ്ധ ഉറപ്പാക്കുക.
വീടിനും തൊഴിലിടത്തിനും അകത്തും പുറത്തും ധാരാളമായി ശുദ്ധജലം കുടിക്കുകയും വായുസഞ്ചാരം (Air ventilation) ഉറപ്പാക്കാനും ശരീരം തണുപ്പിക്കാനും ശ്രമിക്കണം. പുറം പണികളിൽ ഏർപ്പെടുന്നത് പകൽ സമയത്ത് പൂർണ്ണമായി ഒഴിവാക്കണം. വീട്ട് ജോലിയിൽ ഉൾപ്പെടെ ഏർപ്പെടുന്നവർ കൃത്യമായ ഇടവേളകളിൽ അൽപസമയം വിശ്രമിക്കാനും ശ്രദ്ധിക്കണം.
ഒഴിവാക്കാൻ സാധിക്കാത്ത ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നവർ നിർബന്ധമായും കുട ഉപയോഗിക്കണം. പാദരക്ഷകൾ ധരിക്കണം. സൺഗ്ലാസുപയോഗിക്കാൻ സാധിക്കുന്നവർ അതുപയോഗിക്കണം. ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്.
തളർച്ച അനുഭവപ്പെട്ടാൽ ഉടനെ വൈദ്യസഹായം തേടണം. മറ്റാരെയെങ്കിലും അത്തരം സാഹചര്യത്തിൽ കാണുകയാണെങ്കിൽ അവരെ തണലിലേക്ക് മാറ്റി കിടത്തുകയും ശരീരം തണുപ്പിക്കാൻ ശ്രമിക്കുകയും ഉടനടി വൈദ്യസഹായം നൽകുകയും ചെയ്യേണ്ടതാണ്. ധാരാളമായി വെള്ളം കുടിക്കാനും വിശ്രമിക്കാനും പോഷക സമൃദ്ധമായതും നിർജ്ജലീകരണം ഉണ്ടാക്കാത്തതുമായ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക.
കന്നുകാലികൾക്കും മറ്റ് വളർത്തുമൃഗങ്ങൾക്കും വെള്ളവും തണലും ഉറപ്പാക്കണം. ഹോട്ടലുടമകൾ, കുടുംബശ്രീ, യുവജന-സാംസ്‌കാരിക സംഘടനകൾ, ക്ലബ്ബ്കൾ, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുമായൊക്കെ സഹകരിച്ചു കൊണ്ട് കുടിവെള്ള വിതരണം ഉറപ്പാക്കണം. കൃത്യമായ ഇടവേളകളിൽ ഇത്തരം സൗകര്യങ്ങൾ ശുചീകരിക്കുകയും വെള്ളത്തിന്റെ ഗുണമേന്മ ഉറപ്പാക്കുകയും വേണം.
വിശ്രമിക്കാനുള്ള തണൽ ഇടങ്ങളും തണ്ണീർ പന്തലുകളും ഒരുക്കാൻ ശ്രമിക്കണം. തുറസ്സായ സ്ഥലത്തുള്ള പൊതുയോഗങ്ങൾ, കലാകായിക പരിപാടികൾ, സെലക്ഷൻ പ്രോസസ്സുകൾ, തൊഴിൽമേളകൾ തുടങ്ങി എല്ലാം പുറം പരിപാടികളും പകൽ 11 മുതൽ 3 വരെയുള്ള സമയങ്ങളിൽ കർശനമായി ഒഴിവാക്കണം
ഉത്സവങ്ങളുമായി ബന്ധപ്പെട്ട പരിപാടികളും സമയക്രമീകരണം നടത്തണം. തീപിടുത്ത സാധ്യത വർദ്ധിക്കുമെന്നതിനാൽ തന്നെ അതീവ ജാഗ്രത ഉത്സവങ്ങളുമായും മറ്റ് പൊതുപരിപാടികളുമായും ബന്ധപ്പെട്ടും വ്യാപാര മേഖലയിലും പുലർത്തേണ്ടതാണ്. വെടിക്കെട്ടുകൾ, ആന എഴുന്നള്ളിപ്പ് പോലെയുള്ളവ ഒഴിവാക്കാൻ നിർദേശിക്കുന്നു.
മൃഗങ്ങൾക്കും കഠിന ചൂട് അസ്വസ്ഥതകൾ സൃഷ്ടിക്കും എന്നതിനാൽ വന്യജീവി ആക്രമണം, തെരുവ് നായ ആക്രമണം ഒക്കെ വർദ്ധിക്കാനുള്ള സാധ്യത മുന്നിൽ കാണണം. വളർത്തു മൃഗങ്ങൾക്കും അലഞ്ഞു തിരിയുന്ന മൃഗങ്ങൾക്കും വെള്ളവും ഭക്ഷണവും നൽകാൻ ശ്രദ്ധിക്കണം. വീട്ടിലെ മൃഗങ്ങൾക്ക് തണൽ ഒരുക്കുകയും പകൽ സമയത്ത് മേയാൻ വിടുന്നത് ഒഴിവാക്കുകയും ചെയ്യണം. ഉഷ്‌ണതരംഗ മുന്നറിയിപ്പിനെ വളരെ ഗൗരവത്തോടെ കാണുകയും കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുകയും വേണം.
അൾട്രാവയലറ്റ് വികിരണം- മുൻകരുതലുകൾ
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.
പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, ആൽബനിസം അവസ്ഥയുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക. മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ UV സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന UV സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും UV സൂചിക ഉയർന്നതായിരിക്കും.
.jpg)

