ഉദുമയിൽ പൊലീസുകാരൻ ചമഞ്ഞ് ജ്വല്ലറിയിൽ തട്ടിപ്പ് ; ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണവുമായി യുവാവ് കടന്നു

uduma

 കാസർകോട് ഉദുമയിൽ പൊലീസുകാരൻ ചമഞ്ഞ് ജ്വല്ലറിയിൽ നിന്ന് ലക്ഷങ്ങളുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. 

ബേക്കൽ പൊലീസ് സ്റ്റേഷനിലെ അഖിൽരാജ് എന്ന പൊലീസുകാരനാണെന്ന് പരിചയപ്പെടുത്തി ജ്വല്ലറിയിലെത്തിയ പ്രതി, ഉദ്യോഗസ്ഥരുടെ പേരുകൾ പറഞ്ഞ് ഉടമയുടെ വിശ്വാസം പിടിച്ചുപറ്റി. തുടർന്ന് കൈചെയിനും മോതിരവും വാങ്ങിയ ശേഷം, പണം അക്കൗണ്ടിലേക്ക് അയച്ചതായി വ്യാജ സന്ദേശം കാണിച്ച് സ്വർണവുമായി കടന്നുകളയുകയായിരുന്നു.

വൈകിട്ട് വീണ്ടും ജ്വല്ലറിയിലെത്തിയ പ്രതി, ബന്ധുവിനായി മറ്റൊരു കൈചെയിൻ കൂടി വാങ്ങുകയും അതേരീതിയിൽ വ്യാജ സന്ദേശം കാണിച്ച് തട്ടിപ്പ് ആവർത്തിക്കുകയും ചെയ്തു. പിന്നീട് ബാങ്കിൽ നടത്തിയ പരിശോധനയിലാണ് പണം ലഭിച്ചില്ലെന്ന് ഉടമ തിരിച്ചറിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി തിരുവനന്തപുരം സ്വദേശി മനുവാണെന്ന് തിരിച്ചറിഞ്ഞു. ആകെ 2,60,500 രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് ഇയാൾ തട്ടിയെടുത്തത്. പ്രതിക്കായി ബേക്കൽ പൊലീസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

Tags