യുഡിഎഫിന് വിരുദ്ധമായ നയം ഒരിക്കലും ലീഗ് എടുക്കില്ല : പിഎംഎ സലാം

മലപ്പുറം: കേരളാ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനം ഒരു തുടര്‍ച്ചയാണെന്നും ഡയറക്ടര്‍ സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്‍പ് അബ്ദുള്‍ ഹമീദ് എംഎല്‍എ അഭിപ്രായം ചോദിച്ചിരുന്നുവെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം ആരോടും ചോദിച്ചിട്ടില്ല.
പാണക്കാട് സാദിക്കലി തങ്ങള്‍ അനുവാദം നല്‍കിയിരുന്നു. യുഡിഎഫിന് വിരുദ്ധമായ നയം ഒരിക്കലും ലീഗ് എടുക്കില്ലെന്ന് പറഞ്ഞ അദ്ദേഹം യുഡിഎഫില്‍ ഉള്ള ആരൊക്കെ സര്‍ക്കാര്‍ സംവിധാനത്തില്‍ ഏതൊക്കെ ബോര്‍ഡില്‍ ഉണ്ടെന്ന് പരിശോധിക്കപ്പെടണമെന്നും ആവശ്യപ്പെട്ടു.
ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ പിടിവാശി ഒന്നും ഇല്ല. കേസിന്റെ ഘട്ടത്തില്‍ അബ്ദുള്‍ ഹമീദ് എംഎല്‍എയും യുഡിഎഫിന്റെ കൂടെ നില്‍ക്കും. പരിചയ സമ്പന്നനായ ഒരാള്‍ തുടര്‍ന്നോട്ടെ എന്ന സമീപനം മാത്രമാണ് ലീഗ് എടുത്തത്. മുസ്ലിം ലീഗിനുള്ളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. പത്രങ്ങള്‍ക്ക് പരസ്യം നല്‍കിയത് മൂലമാണ് ചന്ദ്രികയില്‍ മുഖ്യമന്ത്രിയുടെ ലേഖനം വന്നത്. മുഖ്യമന്ത്രിയുടെ പ്രസ്താവന നല്‍കുക എന്നത് പത്ര ധര്‍മ്മം ആണ്. പിണറായിയുടെ ലേഖനത്തിന് താഴെ നവകേരള സദസിനെ വിമര്‍ശിച്ചുള്ള മറ്റൊരു ലേഖനവുമുണ്ട്. അതാരും കണ്ടില്ലെന്നും പി എം എ സലാം പറഞ്ഞു.