കേരളത്തിൽ യുഡിഎഫ് ഭരണം നടത്തുന്നത് ബി ജെ പിക്ക് വേണ്ടി :പി രാജീവ്
മട്ടന്നൂർ: കേരളത്തിൽ യുഡിഎഫ് ഭരണം നടത്തുന്നത് ബിജെപിക്ക് വേണ്ടിയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി രാജീവ് പറഞ്ഞു. മട്ടന്നൂരിൽ പി പി ഗോവിന്ദൻ -എൻ മുകുന്ദൻ മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തിരിക്കുമ്പോൾ പറഞ്ഞ ഒരു വാക്കും സതീശൻ പാലിക്കുന്നില്ല. രണ്ടരമാസം കൊണ്ടു തന്നെ പിടിപ്പ് കേട് സർക്കാർ തെളിയിച്ചുകഴിഞ്ഞു.
എൽഡിഎഫ് -ബിജെപി ഡീൽ ആരോപിച്ച് വർഗീയ പ്രചാരണം നടത്തിയാണ് യുഡിഎഫ് അധികാരത്തിൽ വന്നത്. എന്നാൽ അതേ ബിജെപിക്ക് വേണ്ടിയാണ് ഇപ്പോൾ ഭരണം നടത്തുന്നത്. ശബരിമല സ്വർണക്കേസ് പ്രതികളുടെ വക്കീലിനെ ദേവസ്വം ബോർഡിനുവേണ്ടി വാദിക്കാൻ നിയമിച്ചത് അതിൻറെ ഭാഗമാണ്. വഖഫ് ബോർഡ് വിഷയത്തിൽ ബിജെപിക്ക് അനുകൂലമാണ് അമുസ്ലീം അംഗത്തെ നിയമിക്കാമെന്ന നിലപാട്. എൽഡിഎഫിൻറെ ഭരണകാലത്ത് എന്തെല്ലാം അഴിമതിയെന്ന് പ്രതിപക്ഷ നേതാവായിരിക്കെ ആരോപിച്ചിരുന്നുവോ അതെല്ലാം അതിവേഗത്തിൽ നടപ്പാക്കാനാണ് മുഖ്യമന്ത്രിയായപ്പോൾ ശ്രമിക്കുന്നത്. വാക്ക് പറഞ്ഞാൽ വാക്കാണെന്ന് പറയുന്ന മുഖ്യമന്ത്രി ഏതെങ്കിലും വാക്ക് പാലിച്ചിട്ടുണ്ടോയെന്നും പി രാജീവ് ചോദിച്ചു.
കാലവർക്കെടുതി കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. ഏകോപനത്തിന് നേതൃത്വം കൊടുക്കാൻ മുഖ്യമന്ത്രിയില്ലാത്ത അവസ്ഥയാണ്. കേരളം അതിവേഗത്തിൽ തിരിച്ചടി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ഭയപ്പെടുത്തി രാജ്യം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെ ഇന്ത്യ ഭാവിയിൽ എങ്ങനെ ചിന്തിക്കാൻ പോകുന്നുവെന്നതിൻറെ സൂചനയാണ് ഡൽഹിയിൽനടന്ന വിദ്യാർഥി പ്രക്ഷോഭം. ഭരണത്തിനെതിരെ ജനങ്ങളിൽ കടുത്ത അതൃപ്തിയുണ്ടെന്നാണ് സമരം തെളിയികുകന്നതെന്നും അദ്ദേഹം പറഞ്ഞു.
.jpg)

