കണ്ണൂരിൽ പോളിംഗ് ശതമാനം ഉയർന്നത് അനുകൂലമെന്ന് യുഡിഎഫ്
കണ്ണൂർ: വിലപ്പെട്ട സമ്മതിദാനാവകാശം വിനിയോഗിച്ച് തെരഞ്ഞെടുപ്പിനെ ജനാധിപത്യത്തിൻ്റെ ഉത്സവമാക്കി മാറ്റിയ വോട്ടർമാർക്ക് ഡിസിസി പ്രസിഡൻ്റ് അഡ്വ മാർട്ടിൻ ജോർജും, യു ഡി എഫ് ജില്ലാ ചെയർമാൻ പി.ടി മാത്യുവും നന്ദി പറഞ്ഞു. ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലെയും പോളിംഗിലെ വർധനവ് യുഡിഎഫിന് അനുകൂലമാണെന്നും നേതാക്കൾ പറഞ്ഞു. പയ്യന്നൂർ നിയമസഭാ മണ്ഡല പരിധിയിൽ സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളായ ചില പ്രദേശങ്ങളിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് കള്ളവോട്ട് നടന്നതായി നേതാക്കള്‍ ആരോപിച്ചു. നാട്ടിൽ ഇല്ലാത്ത ആളുകളുടെ വോട്ട് ഇത്തരത്തിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ചെയ്തിട്ടുണ്ട്. പോളിങ്ങിനു തലേദിവസം വ്യാജ തിരിച്ചറിയൽ കാർഡുകൾ ചില കേന്ദ്രങ്ങളിൽ നിന്നും എത്തിച്ചു നൽകിയതായും വിവരം ലഭിച്ചിട്ടുണ്ട്.
ചില പോളിംഗ് ഉദ്യോഗസ്ഥർ കൃത്യമായ പരിശോധന നടത്താതെ സിപിഎമ്മിന്റെ കള്ളവോട്ട് ശ്രമങ്ങൾക്ക് ഒത്താശ ചെയ്തുകൊടുത്തിട്ടുണ്ട് . യുഡിഎഫ് ബൂത്ത് ഏജൻ്റുമാരെ അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായി. സ്വയം വോട്ട് ചെയ്യാൻ സാധിക്കുന്നവരെ പോലും സ്വതന്ത്രമായി അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ അനുവദിക്കാതെ സിപിഎമ്മുകാർ കമ്പാനിയൻ വോട്ട് ചെയ്ത സംഭവങ്ങളുമുണ്ടായി. പാർട്ടി വോട്ടുകൾ വ്യാപകമായി ചോർന്നുപോകുമെന്ന ആശങ്കയിലാണ് മുമ്പൊരിക്കലും ഇല്ലാത്ത രീതിയിൽ കമ്പാനിയൻ വോട്ട് സൗകര്യം സിപിഎം ദുരുപയോഗപ്പെടുത്തിയത്. ജില്ലയിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് അഡ്വ മാർട്ടിൻ ജോർജും, പി.ടി മാത്യുവും പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഒരു മാസക്കാലം വിശ്രമമില്ലാതെ പ്രവർത്തിച്ച യുഡിഎഫ് പ്രവർത്തകർക്കും യു ഡി എഫ് മുന്നോട്ടു വെച്ച നിലപാടുകളെ പിന്തുണച്ച മുഴുവൻ വോട്ടർമാർക്കും നേതാക്കൾ നന്ദി അറിയിച്ചു.
.jpg)


