ഓന്തിനേക്കാൾ വേഗത്തിൽ നിറംമാറാൻ കഴിയുമെന്ന് തെളിയിച്ചു, വെള്ളാപ്പള്ളിയുടെ മോഹിനീവേഷത്തിൽ യുഡിഎഫ് സർക്കാർ വീഴരുത് : ശ്രീനാരായണ സംഘടനകൾ
മൈക്രോ ഫിനാൻസ് കേസിലും എസ്.എൻ. കോളേജ് ജൂബിലിഫണ്ട് കേസിലും പ്രതിയായ വെള്ളാപ്പള്ളിയെ രക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. നിയമം പാലിക്കാത്തതിനാൽ എസ്.എൻ.ഡി.പി. യോഗനേതൃത്വം ഒന്നടങ്കം അയോഗ്യരായി തീർന്നിട്ടും ഹൈക്കോടതി പലകുറി അയോഗ്യരാണെന്ന് ഉത്തരവിട്ടിട്ടും വെള്ളാപ്പള്ളിയെ സംരക്ഷിക്കുന്നതിനാണ് പിണറായി സർക്കാർ വെമ്പൽകൊണ്ടതെന്ന് അവർ അഭിപ്രായപ്പെട്ടു.
കൊച്ചി : ഓന്തിനേക്കാൾ വേഗത്തിൽ നിറംമാറാൻ കഴിയുമെന്ന് വെള്ളാപ്പള്ളി നടേശൻ തെളിയിച്ചുകഴിഞ്ഞുവെന്നും അദ്ദേഹത്തിന്റ മോഹിനീവേഷത്തിൽ യു.ഡി.എഫ്. സർക്കാർ വീണുപോകരുതെന്നും ശ്രീനാരായണ സംഘടനകൾ. വെള്ളാപ്പള്ളിയെ ചുമന്നതാണ് പിണറായി സർക്കാരിന്റെ പതനത്തിന് കാരണമെന്നും ശ്രീനാരായണ സേവാസംഘം, എൻ.എൻ.ഡി.പി. യോഗം-എസ്.എൻ. ട്രസ്റ്റ് സംരക്ഷണ സമിതി, ശ്രീനാരായണ സഹോദര ധർമവേദി, എസ്.എൻ.ഡി.പി. യോഗം സംരക്ഷണസമിതി, ശ്രീനാരായണ ധർമോദ്ധാരണസമിതി, ശ്രീനാരായണ ഡെമക്രാറ്റിക് പ്ലാറ്റ്ഫോം എന്നീ സംഘടനകളുടെ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
വെള്ളാപ്പള്ളിയുടെ അഴിമതിയെയും ജനാധിപത്യ ധ്വംസനത്തെയും ഗുരുനിന്ദയെയും നിയമവിരുദ്ധ ചെയ്തികളെയുംകുറിച്ച് എം.കെ. സാനു ഉൾപ്പെടെയുള്ളവർ പിണറായി വിജയന് പലകുറി നിവേദനങ്ങൾ നൽകിയിട്ടും സർക്കാർ നടേശന് രക്ഷാകവചം ഒരുക്കുകയായിരുന്നു.
മൈക്രോ ഫിനാൻസ് കേസിലും എസ്.എൻ. കോളേജ് ജൂബിലിഫണ്ട് കേസിലും പ്രതിയായ വെള്ളാപ്പള്ളിയെ രക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. നിയമം പാലിക്കാത്തതിനാൽ എസ്.എൻ.ഡി.പി. യോഗനേതൃത്വം ഒന്നടങ്കം അയോഗ്യരായി തീർന്നിട്ടും ഹൈക്കോടതി പലകുറി അയോഗ്യരാണെന്ന് ഉത്തരവിട്ടിട്ടും വെള്ളാപ്പള്ളിയെ സംരക്ഷിക്കുന്നതിനാണ് പിണറായി സർക്കാർ വെമ്പൽകൊണ്ടതെന്ന് അവർ അഭിപ്രായപ്പെട്ടു.
എസ്.എൻ.ഡി.പി. യോഗത്തിലും എസ്.എൻ. ട്രസ്റ്റിലും നിയമവാഴ്ച ഉറപ്പുവരുത്താൻ യു.ഡി.എഫ്. സർക്കാർ തയ്യാറാകണം. സ്വാർഥം നേടാൻ വെള്ളാപ്പള്ളി മോഹിനീവേഷം ധരിച്ച് ഭരണാധികാരികളെ വശംവദരാക്കാൻ നടത്തുന്ന വേലകളിൽ വീണുപോകാതെ സധൈര്യം ഭരണനിർവഹണം നടത്തണമെന്നും സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു.
വിവിധ സംഘടനകളുടെ ഭാരവാഹികളായ അഡ്വ. സി.കെ. വിദ്യാസാഗർ, അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ, സൗത്ത് ഇന്ത്യൻ വിനോദ്, അഡ്വ. എസ്. ചന്ദ്രസേനൻ, പി.പി. രാജൻ, രാജ്കുമാർ ഉണ്ണി, പ്രൊഫ. ആർ. മണിയപ്പൻ, അഡ്വ. ആർ. അജന്തകുമാർ, എം.വി. പരമേശ്വരൻ, അഡ്വ. കെ.എം. സന്തോഷ്‌കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
.jpg)