ഇനി ട്രെയിൻ ടിക്കറ്റും ബുക്ക് ചെയ്യാം ; പൊതുഗതാഗത രംഗത്തേക്ക് പ്രവർത്തനം വിപുലീകരിച്ച് ഊബർ
ന്യൂഡൽഹി: ഇന്ത്യയിൽ ടാക്‌സി സേവനങ്ങൾക്കപ്പുറം പൊതുഗതാഗത രംഗത്തേക്ക് പ്രവർത്തനം വിപുലീകരിച്ച് ഊബർ. ഇനി ട്രെയിൻ ടിക്കറ്റ് ബുക്കിങും ഊബർ വഴി ചെയ്യാനാകും. ട്രാവൽ കമ്പനിയായ ഇക്‌സിഗോയുമായി സഹകരിച്ചാണ് പുതിയ സേവനം അവതരിപ്പിക്കുന്നത്. ഇതിലൂടെ ഉപഭോക്താക്കൾക്ക് ഊബർ ആപ്പിൽ തന്നെ ട്രെയിൻ തിരയാനും ടിക്കറ്റ് ബുക്ക് ചെയ്യാനും പിഎൻആർ സ്റ്റാറ്റസ് പരിശോധിക്കാനുമാവും. ഇതിലൂടെ വേഗത്തിൽ റെയിൽവേ സ്റ്റേഷനിലേക്കും തിരിച്ചും ഊബർ യാത്ര ബുക്ക് ചെയ്യാനും കഴിയും.നിലവിൽ ഇന്റർസിറ്റി കാറുകൾ, ബസ്, മെട്രോ ടിക്കറ്റ് തുടങ്ങിയ സേവനങ്ങൾ ഊബർ നൽകുന്നുണ്ട്. ട്രെയിൻ യാത്രയുടെ വിവിധ ഘട്ടങ്ങൾ ഒരൊറ്റ ആപ്പിലൂടെ ഏകോപിപ്പിക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യമെന്നാണ് ഊബർ വ്യക്തമാക്കുന്നത്.
പുതിയ ട്രെയിൻ ടിക്കറ്റിങ് സംവിധാനത്തിന് പിന്നിലെ സാങ്കേതിക സേവനം ഇക്‌സിഗോ നൽകും. ഉപഭോക്താക്കൾ യാത്ര ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ റെയിൽവേ സ്റ്റേഷനുകളും യാത്രാ തീയതിയും നൽകുക. തുടർന്ന് ലഭ്യമായ ട്രെയിനുകൾ പരിശോധിച്ച് ഊബർ ആപ്പിലൂടെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാം.ബുക്കിങ് പൂർത്തിയാക്കിയ ശേഷം ടിക്കറ്റ് വിവരങ്ങൾ പരിശോധിക്കാനും പിഎൻആർ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും സാധിക്കും.
ഊബർ ഹോം സ്‌ക്രീനിലെ 'Bus & Train' ഓപ്ഷൻ വഴിയോ സർവീസസ് വിഭാഗത്തിലൂടെയോ പുതിയ സൗകര്യം ഉപയോഗിക്കാം. ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം സ്റ്റേഷനിലെത്താനും യാത്ര അവസാനിച്ച ശേഷം സ്റ്റേഷനിൽ നിന്ന് ലക്ഷ്യസ്ഥാനത്തേക്കും പ്രത്യേകമായി ഊബർ റൈഡ് ബുക്ക് ചെയ്യാം. ഇന്ത്യയിലെ യാത്രാ സംവിധാനത്തിൽ ട്രെയിൻ യാത്രയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും ട്രെയിനിൽ കയറുന്നതിന് മുമ്പും ഇറങ്ങിയതിന് ശേഷവുമുള്ള യാത്രാ ആവശ്യങ്ങൾ കൂടി പരിഹരിക്കുകയാണ് പുതിയ സേവനത്തിന്റെ ലക്ഷ്യമെന്നും ഊബർ ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടർ അർണബ് കുമാർ പറഞ്ഞു.
.jpg)

