യു. ഡി. എഫ് ജനങ്ങളുടെ പുരോഗതിക്ക് തുരങ്കംവയ്ക്കുന്നു: മുഖ്യമന്ത്രി

google news
dsh

 കണ്ണൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ ആര്‍ക്കും എതിര്‍ക്കാന്‍ കഴിയാത്ത പദ്ധതികളെ പോലും എതിര്‍ക്കുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും പങ്കെടുത്ത കണ്ണൂര്‍ മണ്ഡലം നവകേരള സദസ്സിന്റെ ഉദ്ഘാടനം കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ നിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിയാക്കി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാടിനെ കണ്ടുകൊണ്ടുള്ള, ജനങ്ങളെ കണ്ടുകൊണ്ടുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എങ്ങിനെ പുരോഗതി ഉണ്ടാക്കാം എന്നതിന് ഊന്നല്‍ നല്‍കി. എല്‍ഡിഎഫ് സര്‍ക്കാര്‍ അത്തരം നടപടികള്‍ സ്വീകരിക്കുന്നതിന് തുരങ്കം വെക്കുന്ന നടപടികളാണ് യുഡിഎഫ് സ്വീകരിക്കുന്നത്. 

എങ്ങിനെ തകര്‍ക്കാം എന്നതാണ് യുഡിഎഫ് സ്വീകരിക്കുന്ന സമീപനം. ഇത് ബോധ്യമുള്ള ജനങ്ങള്‍ 2016ലെ എല്‍ഡിഎഫ് സര്‍ക്കാറിന്റെ പ്രവര്‍ത്തനം വിലയിരുത്തി ഭരണത്തുടര്‍ച്ചയ്ക്ക് വിധിയെഴുതി. 2021ന് ശേഷം എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ നാടിന്റെ പുരോഗതിക്കായല്ല, യുഡിഎഫ് കാണുന്നത്. എല്ലാ നടപടികളേയും എതിര്‍ത്ത് പദ്ധതി തകിടം മറിക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങള്‍ പദ്ധതിക്ക് എതിരായതിനാല്‍ ഇത് ഇപ്പോള്‍ പാടില്ലെന്നാണ് നിലപാട്. എന്നാല്‍, എപ്പോള്‍ എന്നതിന് ഉത്തരമില്ല.

ഇപ്പോള്‍ പാടില്ലെന്ന സമീപനം 2016ല്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ ദേശീയപാത വികസനം, ഗെയില്‍ പൈപ്പ്ലൈന്‍ പ്രൊജക്ട് എന്നിവ യാഥാര്‍ഥ്യമാകുമായിരുന്നുവോ? ഈ കാലയളവില്‍ പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, വ്യവസായം, കാര്‍ഷികം, ക്ഷീരം എന്നിങ്ങനെ എല്ലാ മേഖലകളിലും വലിയ പുരോഗതി നേടി. 

ഒന്നിനും അനുവദിക്കില്ലെന്ന കേന്ദ്ര സമീപനം നമ്മെ സാമ്പത്തികമായി ഞെരുക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്യുന്നു. സ്വാഭാവികമായ തകര്‍ച്ചയ്ക്ക് കേരളത്തെ വിടാന്‍ കഴിയില്ല. അതിജീവിച്ചേ മതിയാവൂ. ഓഖിയും നിപയും മഹാപ്രളയവും കാലവര്‍ഷക്കെടുതിയും കോവിഡും എല്ലാം നാം അതിജീവിച്ചു. ഇതും നാം അതിജീവിച്ചേ മതിയാകൂ. ജനങ്ങളുടെ ഐക്യവും നാടും നാട്ടുകാരും നല്‍കുന്ന പിന്തുണയുമാണ് സര്‍ക്കാറിന്റെ കരുത്ത്. ധൈര്യമായി മുന്നോട്ടുപോകൂ, ഞങ്ങള്‍ കൂടെയുണ്ട് എന്ന സന്ദേശമാണ് നവകേരള സദസ്സിന്റെ മഹാറാലികള്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ അധ്യക്ഷനായി. മന്ത്രിമാരായ അഡ്വ. കെ രാജന്‍, റോഷി അഗസ്റ്റിന്‍, സജി ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ എഡിഎം കെ കെ ദിവാകരന്‍ സ്വാഗതം പറഞ്ഞു. മറ്റ് മന്ത്രിമാര്‍, അഡ്വ. വി ശിവദാസന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, മുന്‍ മന്ത്രി ഇ പി ജയരാജന്‍, മുന്‍ എംപി പി കെ ശ്രീമതി, പന്ന്യന്‍ രവീന്ദ്രന്‍, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ പ്രമീള, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അനിഷ തുടങ്ങിയവര്‍ സംബന്ധിച്ചു.സദസ്സിന്റെ ഭാഗമായി 15 കൗണ്ടറുകളിലൂടെ പൊതുജനങ്ങളില്‍നിന്ന് പരാതികള്‍ സ്വീകരിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

Tags