ബംഗളൂരുവില്‍ നിന്ന് വില്‍പനക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ബംഗളൂരുവില്‍ നിന്ന് വില്‍പനക്കായി കൊണ്ടുവന്ന മാരകമയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. പൂവാട്ടുപറമ്പ് സ്വദേശി കളരിപുറായില്‍ സാബു എന്ന ഹര്‍ഷാദ്. കെ.പി (24), വെള്ളിപറമ്പ് സ്വദേശി പാലാട്ടുമീത്തല്‍ ഷംസുദ്ദീന്‍ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നാര്‍കോട്ടിക് സെല്‍ അസി. കമീഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്റ്റ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും സബ് ഇന്‍സ്‌പെക്ട്ടര്‍ അഷ്‌റഫ്. എ.യുടെ നേതൃത്വത്തിലുള്ള കുന്ദമംഗലം പൊലീസും ചേര്‍ന്നാണ് പിടികൂടിയത്. ഇവരില്‍ നിന്ന് 19.60 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
ബംഗളൂരുവില്‍ നിന്നാണ് എംഡിഎംഎ വില്‍പനക്കായി കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്. യുവാക്കളുടെ സ്ഥിരമായുള്ള ബംഗളൂരു സന്ദര്‍ശനത്തെ തുടര്‍ന്നാണ് പൊലീസ് സംഘം നീരീക്ഷണം ആരംഭിച്ചത്.
ബംഗളൂരുവില്‍ നിന്ന് തിരികെ വന്നപ്പോഴാണ് ഇവര്‍ പിടിയിലായത്. ഷംസുദ്ദീന്‍ രാമാനാട്ടുകര, പൂവാട്ടു പറമ്പ് ഭാഗങ്ങളില്‍ മൊബൈല്‍ ഷോപ്പ് നടത്തിവരികയാണ്. മൊബൈല്‍ ഫോണ്‍ വാങ്ങാനെന്ന പേരിലാണ് ഇയാള്‍ ബംഗളൂരുവിലേക്ക് യാത്രപോകുന്നത്.