ഒരേ ദിവസം രണ്ട് രക്ഷാദൗത്യങ്ങൾ; കടലിൽ കുടുങ്ങിയ 29 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി തോട്ടപ്പള്ളി ഫിഷറീസ് പട്രോൾ ബോട്ട്

Two rescue missions on the same day; Thottapalli Fisheries Patrol Boat rescues 29 fishermen stranded at sea

ആലപ്പുഴ: കടലിൽ ഒരേ ദിവസം രണ്ട് വ്യത്യസ്ത അപകടങ്ങളിൽപ്പെട്ട രണ്ട് മത്സ്യബന്ധന ബോട്ടുകളെയും 29 മത്സ്യത്തൊഴിലാളികളെയും സാഹസികമായി രക്ഷപ്പെടുത്തി തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷന്റെ പട്രോൾ ബോട്ട്. യന്ത്രത്തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങിയ ബോട്ടിനെയും തിരയിൽപ്പെട്ട് കമിഴ്ന്ന മത്സ്യബന്ധന യാനത്തെയുമാണ് ഫിഷറീസ് പട്രോൾ സംഘം സുരക്ഷിതമായി കരയിലെത്തിച്ചത്.

വ്യാഴാഴ്ച രാവിലെ 9.38-നായിരുന്നു ആദ്യ രക്ഷാപ്രവർത്തനം. യന്ത്രത്തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങിയ IND KL 02 MM 3950 രജിസ്ട്രേഷൻ നമ്പറിലുള്ള 'നടേശ' എന്ന ബോട്ടും അതിലുണ്ടായിരുന്ന 10 തൊഴിലാളികളെയുമാണ് സംഘം ആദ്യം രക്ഷപ്പെടുത്തിയത്. തുടർന്ന് ബോട്ടിനെ സുരക്ഷിതമായി കെട്ടിവലിച്ച് കൊണ്ടുപോയി നീണ്ടകര ഫിഷറീസ് പൊലീസ് ബോട്ടിന് കൈമാറി. ദൗത്യം പൂർത്തിയാക്കി വൈകിട്ട് 3.40-ഓടെയാണ് പട്രോൾ ബോട്ട് തോട്ടപ്പള്ളിയിൽ തിരിച്ചെത്തിയത്.

രണ്ട് മണിക്കൂറിന് ശേഷം വൈകിട്ട് 5.30-ഓടെയായിരുന്നു രണ്ടാമത്തെ അപകടം. പല്ലനയുടെ പടിഞ്ഞാറ് ഭാഗത്ത് മത്സ്യബന്ധനത്തിനിടെ നവരക്കൽ പുതുവൽ വീട്ടിൽ മധുവിന്റെ ഉടമസ്ഥതയിലുള്ള 'ഹരേ രാമ' എന്ന മത്സ്യബന്ധന യാനം 19 തൊഴിലാളികളുമായി കടലിൽ കമിഴുകയായിരുന്നു. വിവരം ലഭിച്ചയുടൻ തോട്ടപ്പള്ളി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നിർദ്ദേശപ്രകാരം പട്രോൾ ബോട്ട് വീണ്ടും പുറപ്പെട്ടു.

രാത്രി 6.50-ഓടെ അപകടസ്ഥലത്തെത്തിയ സംഘം 19 തൊഴിലാളികളും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തി. തുടർന്ന് കടലിൽ കമിഴ്ന്ന യാനവും അനുബന്ധ ഉപകരണങ്ങളും രണ്ട് മണിക്കൂറോളം നീണ്ട കഠിന പരിശ്രമത്തിനൊടുവിൽ രാത്രി ഒമ്പത് മണിയോടെ സുരക്ഷിതമായി തോട്ടപ്പള്ളി ഹാർബറിൽ എത്തിച്ചു. സിപിഒ അരുൺ, ലൈഫ് ഗാർഡുമാരായ എം. ജോർജ്, ആർ. ജയൻ, സ്രാങ്ക്, ഡ്രൈവർ എന്നിവരടങ്ങിയ സംഘമാണ് രണ്ട് ദൗത്യങ്ങളിലും പങ്കെടുത്തത്.

Tags