ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ചതിനു പിന്നാലെ രണ്ടു പേർ മരിച്ച സംഭവം; ഭക്ഷ്യവിഷബാധയല്ല, വില്ലനായത് മീൻമുട്ടയിലെ മറൈൻ ടോക്സിനെന്ന് രാസപരിശോധന ഫലം
തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ചതിനു പിന്നാലെ രണ്ടു പേർ മരിച്ച സംഭവത്തിൽ രാസപരിശോധന ഫലം പുറത്ത്. മറൈൻ ടോക്സിൻ കാരണമാകാം മരണം സംഭവിച്ചത് എന്നാണ് റിപ്പോർട്ടിലുള്ളത്. ഭക്ഷ്യവിഷബാധയാണ് മരണകാരണം എന്നായിരുന്നു ആരോപണം. ഫെബ്രുവരി 16ന് വീഴിഞ്ഞത്തെ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച കൊല്ലം സ്വദേശികൾ റഷീദാ ബീവി, ഷാജി എന്നിവരാണ് മരിച്ചത്. ആന്തരീകാവയവങ്ങളുടെ ഫോറൻസിക് പരിശോധനയിലാണ് സ്ഥിരീകരണം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ഭക്ഷ്യവിഷബാധ കണ്ടെത്തിയിരുന്നില്ല.
ഹോട്ടലിൽ നിന്ന് ഇവർ മീൻമുട്ട കഴിച്ചിരുന്നു. ഇതിൽനിന്നുള്ള മറൈൻ ടോക്‌സിൻ ആകാം രണ്ടു പേരുടെ മരണത്തിനിടയാക്കിയതെന്നാണു റിപ്പോർട്ടിലെ നിഗമനം. ഹോട്ടലിലെ അവശേഷിച്ച ഭക്ഷണസാധനങ്ങളും വെള്ളവും മീൻ എത്തിച്ച തമിഴ്‌നാട്ടിലെ മാർക്കറ്റിലെ സാംപിളും പരിശോധിച്ചെങ്കിലും ഭക്ഷ്യവിഷബാധയ്ക്കു കാരണമാകുന്ന കാര്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ കുടുംബം കഴിച്ച ഭക്ഷ്യവസ്തുക്കളുടെ സാംപിൾ ലഭിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്.ചില മീനുകളുടെ മുട്ടയിൽ അടങ്ങിയിരിക്കുന്ന ടെട്രോഡോടോക്‌സിൻ പാചകം ചെയ്താലും നശിക്കില്ലെന്നും ആരോഗ്യപ്രശ്‌നങ്ങൾക്കും മരണത്തിനും വരെ കാരണമാകാമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. മറൈൻ ടോക്‌സിൻ കണ്ടെത്താനുള്ള പരിശോധനാ സംവിധാനം കെമിക്കൽ ലാബിൽ ഇല്ലാത്തതിനാൽ കൂടുതൽ വിശദമായ പരിശോധന വേണ്ടിവരും.
കൊല്ലം നിലമേൽ പ്ലാച്ചിക്കോട് സ്വദേശികളായ ഷാജി (48), ഭാര്യയുടെ അമ്മയായ റഷീദാ ബീവി(58) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലിൽ നിന്നാണ ആറംഗ കുടുംബം ഭക്ഷണം കഴിച്ചത്. നിലമേലിലേക്ക് തിരിച്ച് വരുന്നതിനിടെ മൂന്ന് പേർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും ആശുപത്രിയിൽ എത്തിയതിന് പിന്നാലെ രണ്ട് പേരുടെ മരണം സംഭവിക്കുകയായിരുന്നു. ഹോട്ടലിൽ നിന്നും മീൻ മുട്ട, കൊഞ്ച്, കണവാ തോരൻ, അപ്പം, പൊറോട്ട എന്നിവയാണ് കുടുംബം കഴിച്ചത്.
.jpg)

