തിരുവല്ലത്ത് രണ്ടുപേര്‍ മരിച്ച അപകടം; നിയന്ത്രണംവിട്ടത് കാറിടിച്ച്‌, ഒരാൾ കസ്റ്റഡിയിൽ

C

ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം

തിരുവനന്തപുരം: തിരുവല്ലത്ത് രണ്ട് പേര്‍ മരിച്ച ബൈക്ക് അപകടവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.മലയന്‍കീഴ് സ്വദേശി വിഷ്ണുവിനെയാണ് കസ്റ്റഡിയിലെടുത്തത്.

വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. വിഷ്ണു ഓടിച്ചിരുന്ന കാര്‍ ബൈക്കില്‍ തട്ടിയാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറില്‍ ഇടിച്ച്‌ കഴക്കൂട്ടം യുഎസ്ടി ഗ്ലോബല്‍ ജീവനക്കാരനായ എറണാകുളം വാഴപ്പള്ളി സ്വദേശി നവീന്‍ സിബി (25), കഴക്കൂട്ടം കിന്‍ഫ്രയിലെ ജീവനക്കാരി തൊടുപുഴ മുട്ടം സ്വദേശി മൃദുല ആന്‍ ഉമ്മന്‍ (25) എന്നിവര്‍ മരിച്ചിരുന്നു.

ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാല്‍ വിഷ്ണുവിന്റെ കാറിന്റെ പിന്‍ഭാഗത്ത് ബൈക്കിന്റെ ഹാന്‍ഡില്‍ തട്ടിയതാണ് അപകട കാരണമെന്ന് സിസിടിവി പരിശോധനയില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു

താന്‍ ഓടിച്ച കാര്‍ ബൈക്കില്‍ തട്ടിയത് വിഷ്ണു അറിഞ്ഞിരുന്നു. എന്നാല്‍, അപകടം കണ്ട് ഭയന്നതിനാലും ആളുകള്‍ ഉപദ്രവിക്കുമോ എന്ന് പേടിച്ചതിനാലുമാണ് വാഹനം നിര്‍ത്താതെ പോയതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി. 

Tags