സംസ്ഥാനത്ത് രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം; കാളിരാജ് മഹേഷ് കുമാർ ക്രൈംസ്-II ഐജി
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റവും പുതിയ നിയമനവും നൽകി സർക്കാർ ഉത്തരവായി. കാളിരാജ് മഹേഷ് കുമാർ ഐ.പി.എസിനെ ക്രൈംസ്-II ഐ.ജിയായി നിയമിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെയാണ് അദ്ദേഹത്തിന് പുതിയ ചുമതല നൽകിയിരിക്കുന്നത്. ഇതോടൊപ്പം തീവ്രവാദ വിരുദ്ധ സേനയുടെ (എ.ടി.എസ്) ഡി.ഐ.ജിയുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും. കെ.എസ്.ഇ.ബി വിജിലൻസ് ഓഫീസറായി പ്രവർത്തിച്ചിരുന്ന എൻ. രാജൻ ഐ.പി.എസിനെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്.പി (അഡ്മിനിസ്ട്രേഷൻ) ആയും നിയമിച്ചിട്ടുണ്ട്. തിരുവനന്തപുരത്താണ് അദ്ദേഹത്തിന്റെ പുതിയ ഓഫീസ് പ്രവർത്തിക്കുക.
കൊച്ചിയിലെ ക്രമസമാധാന പരിപാലനത്തിലും നഗര സുരക്ഷയിലും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുള്ള ഉദ്യോഗസ്ഥനാണ് കാളിരാജ് മഹേഷ് കുമാർ. സംസ്ഥാനത്ത് തീർപ്പാകാതെ കിടക്കുന്ന സുപ്രധാനവും ഗുരുതരവുമായ പല കേസുകളുടെയും അന്വേഷണ ചുമതല ഇനി അദ്ദേഹത്തിനായിരിക്കും. സമീപകാലത്തായി സാമ്പത്തിക തട്ടിപ്പുകളും ഡിജിറ്റൽ കുറ്റകൃത്യങ്ങളും ഹൈടെക് കേസുകളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ക്രൈംബ്രാഞ്ചിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ വേഗത നൽകാൻ ഈ നിയമനം സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുൻകാലങ്ങളിൽ വിവിധ ജില്ലകളിൽ പോലീസ് മേധാവിയായും മറ്റ് ഉയർന്ന പദവികളിലും അദ്ദേഹം മികച്ച സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
.jpg)

