ശ്രീ പദ്‌നാഭ സ്വാമി ക്ഷേത്രത്തിന് സമീപം ടാക്‌സി ഡ്രൈവറെ ആക്രമിച്ചു, രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ അറസ്റ്റില്‍
പരിക്കേറ്റ ഡ്രൈവറുടെ പരാതിയില്‍ കേസെടുത്ത ഫോര്‍ട്ട് പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം ടാക്‌സി കാര്‍ ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കരമന തെലുങ്ക്‌ചെട്ടി സ്ട്രീറ്റ് സ്വദേശി സുഭാഷ് (46), മണക്കാട് എം.എസ്.കെ നഗര്‍ സ്വദേശി ശരത് (34) എന്നിവരാണ് പിടിയിലായത്. കൊല്ലം സ്വദേശിയായ ടാക്‌സി ഡ്രൈവര്‍ക്കാണ് മര്‍ദനമേറ്റത്. ചൊവ്വാഴ്ച രാവിലെ 10.30-ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള ഓട്ടോ സ്റ്റാന്റിന് സമീപം യാത്രക്കാരെ ഇറക്കുകയായിരുന്നു കൊല്ലം സ്വദേശിയായ യുവാവ്.
ഇത് കണ്ട പ്രതികള്‍ ടാക്‌സി അവിടെ നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നതിനെ ചോദ്യം ചെയ്യുകയും കാര്‍ മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ പ്രതികള്‍ ടാക്‌സി ഡ്രൈവറെ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ഡ്രൈവറുടെ പരാതിയില്‍ കേസെടുത്ത ഫോര്‍ട്ട് പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ സുഭാഷിനെയും ശരത്തിനെയും റിമാന്‍ഡ് ചെയ്തു
.jpg)

