ഇരട്ട ചക്രവാതച്ചുഴി; ഒന്‍പത് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കു സാധ്യത

Very severe low pressure area likely over Bay of Bengal; Widespread rain likely in the state for next three days

ഇന്ന് ഒന്‍പത് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്.

തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദപാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ഒന്‍പത് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്.

ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ് നല്‍കിയത്. നാളെയും മറ്റന്നാളും ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല.

തുടര്‍ന്ന് വെള്ളി, ശനി ദിവസങ്ങളില്‍ മഴ ശക്തമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

ഈ ദിവസങ്ങളില്‍ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. തെക്കന്‍ കേരള തീരത്തിന് സമീപമുള്ള തെക്കുകിഴക്കന്‍ അറബിക്കടലില്‍, സമുദ്രനിരപ്പില്‍ നിന്ന് 5.8 കിലോമീറ്റര്‍ ഉയരത്തിലാണ് ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്.

വടക്കന്‍ തമിഴ്‌നാടിന് മുകളില്‍, സമുദ്രനിരപ്പില്‍ നിന്ന് 5.8 കി.മീ. ഉയരത്തില്‍ മറ്റൊരു ചക്രവാതച്ചുഴിയും തുടരുന്നുണ്ട്. മന്നാര്‍ കടലിടുക്കില്‍ നിന്ന് മധ്യ മഹാരാഷ്ട്രയിലേക്ക്, തമിഴ്‌നാടും കര്‍ണാടകയും വഴി കടന്നുപോകുന്ന, സമുദ്രനിരപ്പില്‍ നിന്ന് 0.9 കി.മീ. ഉയരത്തില്‍ ന്യൂനമര്‍ദ്ദപാത്തിയും സ്ഥിതി ചെയ്യുന്നതായും മുന്നറിയിപ്പില്‍ പറയുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായി ശനിയാഴ്ച വരെയാണ് മഴ മുന്നറിയിപ്പ് ഉള്ളത്.

Tags