കേരള വനിതാ കമ്മിഷന്റെ ട്രൈബല്‍ ക്യാമ്പ് അച്ചന്‍കോവിലില്‍ 30, 31 തീയതികളില്‍ നടക്കും

womens commision
womens commision

കേരള വനിതാ കമ്മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ട്രൈബല്‍ ക്യാമ്പ് ഓഗസ്റ്റ് 30, 31 തീയതികളില്‍ കൊല്ലം അച്ചന്‍കോവിലില്‍ നടക്കും. പട്ടികവര്‍ഗ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും വെല്ലുവിളികളും നേരിട്ടറിയാനായാണ് ദ്വിദിന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഗൃഹസന്ദര്‍ശനം, ഏകോപന യോഗം, സെമിനാര്‍ എന്നിങ്ങനെ മൂന്ന് പരിപാടികളിലൂടെ പട്ടികവര്‍ഗ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കുക എന്നതാണ് കമ്മിഷന്റെ ലക്ഷ്യം.

ഓഗസ്റ്റ് 30 ന് രാവിലെ 8.30 ന് വനിതാകമ്മിഷനംഗം അഡ്വ: ഇന്ദിരാ രവീന്ദ്രന്റെ നേതൃത്വത്തില്‍ പട്ടിക വര്‍ഗ മേഖലയിലെ ഭവനങ്ങള്‍ സന്ദര്‍ശിക്കും. ഒറ്റയ്ക്ക് കഴിയുന്നതും കിടപ്പുരോഗകള്‍ ഉള്ളതുമായ വനിതകളുടെ ഭവനങ്ങളാണ് സന്ദര്‍ശിക്കുന്നത്. ഇവരുടെ പ്രയാസങ്ങള്‍ അറിയുകയാണ് ലക്ഷ്യം. തുടര്‍ന്ന് സാംസ്‌കാരിക നിലയം ഹാളില്‍ വിവിധ വകുപ്പ് പ്രതിനിധികളുമായുള്ള ഏകോപന യോഗം നടക്കും.

Also read: വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു; ഹ്രസ്വ ചിത്ര സംവിധായകനും സന്തോഷ് വര്‍ക്കിക്കും അലിന്‍ ജോസ് പെരേരക്കുമെതിരെ പരാതി നൽകി യുവതി

വനിതാകമ്മിഷനംഗം അഡ്വ: ഇന്ദിരാ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ വനിതാകമ്മിഷനംഗം വി.ആര്‍. മഹിളാമണി അധ്യക്ഷയായിരിക്കും. കൊല്ലം ജില്ലാപഞ്ചായത്ത് അംഗം അഡ്വ. അനില്‍ എസ്. കല്ലേലിഭാഗം മുഖ്യാതിഥിയാവും. വനിതാകമ്മിഷന്‍ അംഗങ്ങളായ അഡ്വ: എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ: പി. കുഞ്ഞായിഷ, കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍ ഐപിഎസ്, വാര്‍ഡ് മെമ്പര്‍ സാനു ധര്‍മ്മരാജ്, കമ്മിഷന്‍ ലോ ഓഫീസര്‍ അഡ്വ: ചന്ദ്രശോഭ, ജില്ലാ ട്രൈബല്‍ ഓഫീസര്‍ വിധുമോള്‍, ട്രൈബല്‍ പ്രൊമോട്ടര്‍ സി.പി. മോള്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന ചര്‍ച്ച കമ്മിഷന്‍ റിസര്‍ച്ച് ഓഫീസര്‍ അഡ്വ: എ.ആര്‍. അര്‍ച്ചന നയിക്കും.

ഓഗസ്റ്റ് 31 ന് രാവിലെ സാംസ്‌കാരിക നിലയം ഹാളില്‍ നടക്കുന്ന സെമിനാര്‍ അഡ്വ: ഇന്ദിരാ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വനിതാകമ്മിഷനംഗം വി.ആര്‍. മഹിളാമണി അധ്യക്ഷയായിരിക്കും. കമ്മിഷന്‍ അംഗങ്ങളായ അഡ്വ: എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ: ഇന്ദിരാ രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി, അഡ്വ: പി. കുഞ്ഞായിഷ, കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍ ഐ.പി.എസ്, വാര്‍ഡ് അംഗം സീമാ സന്തോഷ്, ട്രൈബല്‍ പ്രൊമോട്ടര്‍ സിബി മോള്‍ തുടങ്ങിയവര്‍ സംസാരിക്കും.  തുടര്‍ന്ന് പട്ടിക വര്‍ഗ മേഖലയിലെ വിവിധ പദ്ധതികളെക്കുറിച്ച് അച്ചന്‍കോവില്‍ ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ മുഹമ്മദ് ഷാജിയും സ്ത്രീ സംരക്ഷണ നിയമങ്ങളെക്കുറിച്ച് അഡ്വ: ആര്‍.ആര്‍. രാജീവും ക്ലാസെടുക്കും.
 

Tags