ഡ്രൈവിങ് സംസ്‌കാരത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പദ്ധതികളൊരുക്കുമെന്ന് ഗതാഗത മന്ത്രി സിപി ജോണ്‍
തിരുവനന്തപുരം: ഡ്രൈവിങ് സംസ്‌കാരത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പദ്ധതികളൊരുക്കുമെന്ന് ഗതാഗത മന്ത്രി സിപി ജോണ്‍ പറഞ്ഞു. വാഹനം എന്നത് വെറുമൊരു കളിപ്പാട്ടമല്ലെന്നും വളരെ അപകടം പിടിച്ച ഒരു യന്ത്രമാണെന്നും ജനങ്ങള്‍ തിരിച്ചറിയണമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. ഡ്രൈവിങ് പരിശീലന രംഗത്ത് വലിയ രീതിയിലുള്ള പരിഷ്‌കരണങ്ങള്‍ക്കാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നതെന്നും സിപി ജോണ്‍ പറഞ്ഞു.
അഞ്ച് വര്‍ഷം ഡ്രൈവിങ് ലൈസന്‍സ് പരിചയമുള്ള ആര്‍ക്കും ഡ്രൈവിങ് സ്‌കൂളുകളില്‍ അധ്യാപകരാകാം എന്ന രീതിയാണ് നിലവിലുള്ളത്. എന്നാല്‍ ഈ രീതിക്ക് മാറ്റം വരുത്താന്‍ ഗവണ്‍മെന്റ് ആലോചിക്കുന്നു. ഇനി മുതല്‍ ഡ്രൈവിങ് സ്‌കൂളുകളില്‍ പഠിപ്പിക്കുന്നവര്‍ക്ക് പ്രത്യേക യോഗ്യതയോ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കാനുള്ള നടപടികള്‍ പടിപടിയായി നടപ്പിലാക്കും.
കുട്ടികളില്‍ ചെറുപ്പകാലം മുതല്‍ക്കേ റോഡ് സുരക്ഷാ ബോധം വളര്‍ത്തുന്നതിനായി 'ഡ്രൈവിങ് സാക്ഷരതാ യജ്ഞം' ആരംഭിക്കും. ഇതിന്റെ ഭാഗമായി പ്ലസ് ടു പഠിക്കുന്ന കുട്ടികള്‍ക്ക് സിമുലേറ്ററുകള്‍ ഉപയോഗിച്ച് വാഹനമില്ലാതെ തന്നെ ഡ്രൈവിങ്ങിന്റെ പ്രാഥമിക പാഠങ്ങള്‍ പഠിപ്പിക്കും. പ്ലസ് ടു കഴിഞ്ഞ ഉടന്‍ തന്നെ ഇവര്‍ക്ക് ലൈസന്‍സ് ലഭ്യമാകുന്ന രീതിയിലുള്ള പ്രീ-ലൈസന്‍സ് ട്രെയിനിങ് സംവിധാനമാണ് ആലോചനയിലുള്ളത്.
വാഹനങ്ങളില്‍ അമിതമായ ലൈറ്റുകള്‍ ഘടിപ്പിക്കുന്നതിനും പുറത്തേക്ക് ശബ്ദം കേള്‍ക്കുന്ന രീതിയില്‍ മ്യൂസിക് സിസ്റ്റം വെക്കുന്നതിനുമെതിരെ കര്‍ശന നടപടിയുണ്ടാകും. വാഹനത്തില്‍ പാട്ട് വെച്ച് പുറത്തിറങ്ങി നൃത്തം ചെയ്യുന്ന പ്രവണതകളില്‍ നിന്ന് ജനങ്ങള്‍ സ്വയം പിന്മാറണം. വാഹനം കളിപ്പാട്ടമല്ലെന്നും വളരെ അപകടം പിടിച്ച ഒരു യന്ത്രമാണെന്നും ജനങ്ങള്‍ തിരിച്ചറിയണം. അടുത്തിടെയുണ്ടായ അപകടങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഇത്തരം പ്രവണതകള്‍ക്കെതിരെ മന്ത്രി മുന്നറിയിപ്പ് നല്‍കിയത്.
.jpg)

