നൂറ്റാണ്ടുകളായി തുടരുന്ന ആചാരം; പള്ളുരുത്തിയിൽ വിശ്വാസത്തിന്റെ അപൂർവ കാഴ്ച, പൊലീസ് സ്റ്റേഷൻ പരിസരത്ത് പറയെടുപ്പ്
കൊച്ചി: പള്ളുരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പോലിയോടനുബന്ധിച്ച് വർഷങ്ങളായി തുടരുന്ന പൊലീസ് സ്റ്റേഷൻ പറയെടുപ്പ് ഇന്ന് . ഇതിനായി പള്ളുരുത്തിയിലെ പൊലീസ് സ്റ്റേഷനുകൾ ഒരുക്കങ്ങൾ പൂർത്തിയാക്കി. ഇന്ന് രാത്രി ഭഗവതിയെ സ്റ്റേഷൻ പരിസരത്തേക്ക് എഴുന്നള്ളിക്കും. മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടക്കുക. നൂറ്റാണ്ടുകളായി തുടരുന്ന ആചാരത്തിന്‍റെ ഭാഗമായി പൊലീസ് സ്റ്റേഷന്‍റെ മുന്നിൽ പറയെടുപ്പ് നടത്തുന്നത് പതിവാണ്.
tRootC1469263">രാജഭരണ കാലത്ത് ക്ഷേത്രത്തിന് സമീപമുള്ള കച്ചേരിക്ക് മുന്നിലായിരുന്നു ഈ ചടങ്ങ് നടന്നിരുന്നത്. പിന്നീട് രാജ ഭരണം അവസാനിച്ച് കച്ചേരി ഓഫീസ് പോലീസ് സ്റ്റേഷനായി മാറിയെങ്കിലും ആചാരം മുടങ്ങാതെ തുടർന്നു. ആദ്യ കാലത്ത് ഒരു കെട്ടിടത്തിൽ മാത്രം പ്രവർത്തിച്ചിരുന്ന സ്റ്റേഷൻ പിന്നീട് ട്രാഫിക് സ്റ്റേഷൻ ഉൾപ്പെടെ മൂന്ന് കെട്ടിടങ്ങളായി വികസിച്ചു. ഇപ്പോൾ ഈ മൂന്ന് സ്റ്റേഷനുകളിലും പറയെടുപ്പ് നടത്തും.
വൈകിട്ട് 4.30ന് ക്ഷേത്രത്തിൽ നിന്ന് ഭഗവതിയെ പറയെടുപ്പിനായി ഏറണാട്ട് വനദുർഗാ ഭഗവതി ക്ഷേത്രത്തിലേക്ക് കൊണ്ടുപോകും. അവിടെ ചടങ്ങുകൾക്ക് ശേഷം കോതകുളങ്ങര ശാസ്താ ക്ഷേത്രത്തിലും പറയെടുപ്പ് നടക്കും. തുടർന്ന് വെങ്കിടാചലപതി ക്ഷേത്രത്തിലെ ചടങ്ങുകൾ പൂർത്തിയാക്കി പൊലീസ് സ്റ്റേഷനുകളിലേക്ക് എത്തും. ആദ്യം പൊലീസ് ഇൻസ്പെക്ടറുടെ ഓഫീസിലും തുടർന്ന് ട്രാഫിക് സ്റ്റേഷനിലും ചടങ്ങുകൾ നടക്കും. അവസാനമായി കസബ സ്റ്റേഷന്‍റെ മുന്നിലാണ് പറയെടുപ്പ് സമാപിക്കുക. ഭഗവതിക്ക് വിവിധ ഉത്പന്നങ്ങൾ കൊണ്ടുള്ള പറ നൽകും. പോലീസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ചടങ്ങുകളിൽ പങ്കെടുക്കും. ഭക്തജനങ്ങളുടെ സാന്നിധ്യത്തോടെയാണ് പരിപാടികൾ അവസാനിക്കുക.
.jpg)


