അനുമതിയില്ലാതെ വ്യാപാരം; പയ്യന്നൂരിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ‘നാഷണൽ റേഡിയോ ഇലക്ട്രോണിക്സ്’ പൂട്ടി സീൽ ചെയ്ത് നഗരസഭ
കണ്ണൂർ: പയ്യന്നൂരിൽ നഗരസഭയുടെ അനുമതിയില്ലാതെ പ്രവർത്തിച്ച സ്ഥാപനം പൂട്ടി സീൽ ചെയ്ത് അധികൃതർ . പയ്യന്നൂർ നഗരസഭയിലെ പി.എം.സി 19/1429 നമ്പർ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ‘നാഷണൽ റേഡിയോ ഇലക്ട്രോണിക്സ്’ എന്ന സ്ഥാപനത്തിന് എതിരെയാണ് നടപടി.

നഗരസഭാ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

വ്യാഴാഴ്ച രാവിലെ ഒൻപതേ മുക്കാലോടെയാണ് പയ്യന്നൂർ നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥാപനം പൂട്ടി സീൽ ചെയ്തത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി നഗരസഭയുടെ യാതൊരുവിധ ലൈസൻസുമില്ലാതെയാണ് നാഷണൽ റേഡിയോ ഇലക്ട്രോണിക്സ് പ്രവർത്തിച്ചു വന്നിരുന്നത്. കെട്ടിട ഉടമ ഇത് സംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നഗരസഭാ സെക്രട്ടറി കഴിഞ്ഞ മെയ് നാലിന് പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കുകയായിരുന്നു അധികൃതർ.

ക്ലീൻ സിറ്റി മാനേജരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നടപടികൾക്ക് നേതൃത്വം നൽകിയത്. പയ്യന്നൂർ നഗരസഭാ പരിധിയിൽ ലൈസൻസില്ലാതെയും നിയമപരമായ അനുമതികൾ ഇല്ലാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
.jpg)

