ടൗൺഷിപ്പ് വീട് വിള്ളൽ വിവാദം: മന്ത്രി എന്നെ കാണാനോ കേൾക്കാനോ ശ്രമിച്ചില്ല, മറ്റൊരു സംഘടനയുടെ വീടും വേണ്ട ; 16 പേരെ നഷ്ടപ്പെട്ട തനിക്ക് സൈബറാക്രമണം വിഷയമല്ലെന്ന് കെ.ടി നൗഫല്‍
കൽപറ്റ∙ സൈബറാക്രമണം വിഷയമല്ലെന്നും ജനങ്ങളുടെ കൈയിൽനിന്ന് പിരിച്ച് സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിലെ വീട് മതിയെന്നും മുണ്ടക്കൈ–ചൂരൽമല മാതൃകാ ടൗൺഷിപ്പിൽ ലഭിച്ച വീടിനു വിള്ളലുണ്ടെന്നു പരാതിപ്പെട്ട മുണ്ടക്കൈ സ്വദേശി കെ.ടി നൗഫല്‍ . ടൗൺഷിപ്പിൽ ലഭിച്ച വീടിനു വിള്ളലുണ്ടെന്നു പരാതിപ്പെട്ടതിനു പിന്നാലെ അതിരൂക്ഷമായ സൈബറാക്രമണമാണ് വീട്ടുടമ കൂടിയായ കെ.ടി നൗഫല്‍ നേരിടുന്നത്. റവന്യൂ മന്ത്രി കെ.രാജൻ നേരിട്ടെത്തി വിള്ളൽ ഉരച്ചുനോക്കി വിള്ളലല്ലെന്നും മാർക്കിങ്ങാണെന്നും പറഞ്ഞിരുന്നു. തുടരുന്ന സൈബറാക്രമണത്തിനിടയിലും വിള്ളലുണ്ടെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണ് കെ.ടി നൗഫൽ. മറ്റൊരു വീട് വേണ്ടെന്നും ടൗൺഷിപ്പിലെ വീട് മതിയെന്നും നൗഫൽ പറയുന്നു.
‘‘രണ്ടാഴ്ച മുന്‍പ് മഴ പെയ്തപ്പോഴാണ് വീടിനകത്തെ ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. വിള്ളൽ കണ്ടതോടെ ഊരാളുങ്കലിലെ എൻജിനീയറോടു പരാതിപ്പെട്ടു. ചോർച്ച ഉണ്ടോ എന്നു വീട്ടിൽ വന്നു പരിശോധിച്ചാൽ മനസിലാകും. ഇനിയും ചോര്‍ച്ച അടച്ചാൽ എട്ടിഞ്ചാകും സ്ലാബ്. അത് താങ്ങുമോ എന്നത് ഊരാളുങ്കലാണ് പറയേണ്ടത്. സർക്കാർ നൽകിയ വീടാണ്. സംഘടനയുടേതോ രാഷ്ട്രീയ പാർട്ടിയുടേതോ അല്ല. ജനങ്ങൾ നൽകിയ പണം, അതിൽനിന്നാണ് സർക്കാർ വീട് അനുവദിച്ചത്.
അതിനാൽ മറ്റൊരു സംഘടനയുടെ വീടും വേണ്ട. സർക്കാരിൽ പൂർണ വിശ്വാസം ഉണ്ട്. ആ വിശ്വാസം ഉള്ളതിനാലാണ് ടൗൺഷിപ്പിൽ തന്നെ വീട് മതിയെന്ന് പറഞ്ഞത്. ഇല്ലെങ്കിൽ എനിക്ക് എവിടേക്കെങ്കിലും പോകാമായിരുന്നു. 16 പേരെയാണ് എനിക്കു നഷ്ടമായത്. ഇപ്പോൾ ഓട്ടോ ഓടിച്ചാണ് കുടുംബം പുലർത്തുന്നത്. പരാതി ഉള്ളതുകൊണ്ടാണ് പറഞ്ഞത്. അത് പരിഹരിച്ച് നൽകേണ്ടത് സർക്കാരിന്റെ കടമയാണ്.
സർക്കാരിനു കാണിച്ചുകൊടുക്കുകയാണ് ചെയ്തത്. അവർ ജനങ്ങളുടെ പണം പിരിച്ച് നിർമിച്ച വീടിനു പ്രശ്നങ്ങളുണ്ട് എന്നതാണ് പറയാൻ ഉദ്ദേശിച്ചത്. സർക്കാരിന്റെ ഭാഗമാണ് മന്ത്രി കെ.രാജന്‍. അദ്ദേഹം വന്നത് വീട്ടുടമയായ ഞാൻ അറിഞ്ഞില്ല. മറ്റ് വഴിയിലൂടെ അറിഞ്ഞാണ് മന്ത്രി എത്തിയപ്പോൾ വീട്ടിലെത്തിയത്. അകത്തേക്കു കയറാൻ പോലും കഴിഞ്ഞില്ല. മന്ത്രി എന്നെ കാണാനോ കേൾക്കാനോ ശ്രമിച്ചില്ല. മാർക്കിങ് മായിച്ചാണ് വിള്ളലില്ല എന്നു പറഞ്ഞ് തിരികെ പോയത്.

മന്ത്രി കടമ ചെയ്തില്ല. മന്ത്രിയോടു പോയി പരാതി പറയില്ല. എന്റെ പരാതി ഇവിടെയുണ്ട്. മന്ത്രിയാണു വന്ന് എന്നെ കണ്ട് പരാതി പരിഹരിക്കേണ്ടത്. ഞാൻ അല്ല. മന്ത്രിയോ സർക്കാരിന്റെ ഭാഗത്തുനിന്ന് മറ്റാരും തന്നെ വിളിക്കുകയോ എന്റെ പരാതി കേൾക്കുകയോ ചെയ്തില്ല. ഊരാളുങ്കൽ സർക്കാരല്ല, ഒരു നിർമാണ കമ്പനി മാത്രമാണ്. പിഴവുണ്ടെങ്കിൽ അത് പരിഹരിക്കാൻ സർക്കാരും ഊരാളുങ്കലും ബാധ്യസ്ഥരാണ്. ടൗൺഷിപ്പ് സംഘടനയുടേതല്ല, പാർട്ടിയുടേതും അല്ല, സർക്കാരിന്റേതാണ്’’ – നൗഫൽ വ്യക്തമാക്കി.
‘‘അതിഭീകരമായ സൈബറാക്രമണം നേരിടുന്നുണ്ട്. എന്നാൽ എനിക്ക് സൈബറാക്രമണം വിഷയമല്ല. എന്തും പറഞ്ഞോട്ടെ, അതു നേരിടാനുള്ള ചങ്കൂറ്റമുണ്ട്. സത്യം തുറന്നു പറയാന്‍ ആരെയും പേടിക്കേണ്ടതില്ല. ഇത് ജനാധിപത്യരാജ്യമാണ്. കേരളം സ്വന്തം രാജ്യമല്ല. ദുരന്തത്തിൽ 16 പേരെ നഷ്ടമായതാണ് എനിക്ക്. അത് ഞാൻ അതിജീവിച്ചു. ആ ദുഃഖത്തിൽ ഇപ്പോൾ എനിക്ക് നേരെ ഉയരുന്ന സൈബറാക്രമണം വിഷയമല്ല. എന്നാൽ കുടുംബത്തെ വരെ ആക്രമിക്കുന്ന രീതിയിലേക്കു കാര്യങ്ങൾ നീങ്ങുന്നുണ്ട്. ഇതിനെതിരെ പരാതി നൽകും. സൈബറാക്രമണത്തിൽ പരാതിപ്പെടുന്നത് ഫെയ്സ് വൺ കൂട്ടായ്മയിലെ (മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിലെ ഫെയ്സ് വൺ) അംഗങ്ങളുമായി ആലോചിച്ച് ചെയ്യും.
ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയിലും ചേർന്ന് പ്രവർത്തിക്കുന്ന ആളല്ല. പരാതിപ്പെട്ടതിൽ രാഷ്ട്രീയ താല്‍പര്യമില്ല. കോൺഗ്രസ് പ്രവർത്തകർ വീട് കാണാൻ വന്നപ്പോൾ എന്നെ വിളിച്ചു. വീട്ടുടമ എന്ന രീതിയിലാണ് പോയത്. സമരം ചെയ്യാനില്ല. മറ്റൊരു സംഘടനയുടെയും വീട് എനിക്ക് വേണ്ട. സര്‍ക്കാർ അനുവദിച്ച ടൗൺഷിപ്പിലെ വീട് മതി. മുഖ്യമന്ത്രി പട്ടയം നൽകിയതാണ്.
ദുരന്തം അനുഭവിച്ചവർക്ക് അവർ അർഹിക്കുന്ന വീട് കൃത്യമായി നൽകണം. ഞാൻ ആകെ ചെയ്തത് വിള്ളലുണ്ടെന്നത് കാണിച്ചുകൊടുത്തതാണ്. തെറ്റ് ചെയ്തിട്ടില്ല. തെറ്റ് െചയ്തെങ്കിൽ മാത്രമേ പേടിക്കേണ്ടതുള്ളൂ. ആ വീട് ശരിയാക്കി തരണം. മേയ് 20ന് വീട് കൈമാറുമെന്നാണ് പറഞ്ഞത്. അന്നു വീട് ലഭിച്ചാൽ ഭാഗ്യം. സത്യം പറയുമ്പോൾ തലയിൽ കയറിയിട്ട് കാര്യമില്ല. സൈബറാക്രമണത്തെ ഭയക്കുന്നില്ല. അവർ എന്തേലും പറഞ്ഞോട്ടെ’’ – നൗഫൽ പറയുന്നു.
.jpg)

