സ്ത്രീകളുടെ അഭിമാനം ചോദ്യം ചെയ്യപ്പെട്ടപ്പോഴെല്ലാം നിശബ്ദരായിരുന്നവരുടെ ഇന്നത്തെ മാപ്പ് രാജ്യം തിരസ്‌കരിക്കും ; എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്

sfi

വനിതാ ബില്‍ പാസാകാത്തതില്‍ സ്ത്രീകളോട് മാപ്പ് ചോദിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. സ്ത്രീകളുടെ അഭിമാനം ചോദ്യം ചെയ്യപ്പെട്ടപ്പോഴെല്ലാം നിശബ്ദരായിരുന്നവരുടെ ഇന്നത്തെ മാപ്പ് രാജ്യം തിരസ്‌കരിക്കുമെന്ന് ശിവപ്രസാദ് ഫേസ്ബുക്കില്‍ കുറിച്ചു.

ശിവപ്രസാദിന്റെ ഫേസ്ബുക്ക് കുറിപ്പ്

ഉന്നാവോയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും അതിന് ശേഷവും മൃഗീയമായി വേട്ടയാടപ്പെടുകയും ചെയ്ത പെണ്‍കുട്ടിയെ ഓര്‍ക്കുന്നു. ഗുജറാത്ത് വംശഹത്യയില്‍ സംഘപരിവാറിനാല്‍ നിഷ്ഠൂരമായി പീഡിപ്പിക്കപ്പെട്ട അമ്മമാരെയും സഹോദരിമാരെയും ഓര്‍ക്കുന്നു.
തന്നെയും സഹോദരിമാരെയും പീഡിപ്പിച്ച നരാധമന്മാരായ സംഘപരിവാറുകാരെ വിട്ടയക്കാന്‍ തീരുമാനിച്ച ഗുജറാത്ത് ഗവണ്‍മെന്റിനെതിരെ സുപ്രീംകോടതിയില്‍ നിയമ പോരാട്ടം നടത്തിയ രാജ്യത്തിന്റെ അഭിമാനമായ ബില്‍കിസ് ബാനോ എന്ന സ്ത്രീയെ ഓര്‍ക്കുന്നു.

മണിപ്പൂരില്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും നഗ്‌നരായി തെരുവിലൂടെ വലിച്ചിഴയ്ക്കപ്പെടുകയും ചെയ്ത സ്ത്രീകളെ ഓര്‍ക്കുന്നു.

ജമ്മു കാശ്മീരിലെ കത്വ്വയില്‍ ക്രൂര പീഡനത്തിന് ഇരയായ എട്ടുവയസ്സുകാരി ആസിഫ ബാനുവിനെ ഓര്‍ക്കുന്നു.

രാജ്യത്തിനുവേണ്ടി പൊരുതി നേടിയ മെഡലുകള്‍ പോലും ഉപേക്ഷിച്ച് സ്ത്രീകളുടെ അഭിമാനത്തിനു വേണ്ടി തെരുവില്‍ പോരാട്ടം നയിച്ച റെസ്ലിംഗ് ചാമ്പ്യന്മാരായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജറംഗ് പൂണിയ, സംഗീത ഫോഗട്ട് എന്നിവരെ ഓര്‍ക്കുന്നു.

ഇങ്ങനെ എത്രയോ മനുഷ്യരുടെ കണ്ണീര്‍ ഈ രാജ്യത്ത് വീഴുമ്പോഴും അതൊന്നും കണ്ട ഭാവം നടിക്കാതിരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഇന്നത്തെ മാപ്പപേക്ഷ പൊളിഞ്ഞു പോയ നാടകത്തിന്റെ ബാക്കിപത്രമാണെന്ന് മനസ്സിലാക്കാന്‍ ലോജിക്കല്‍ സെന്‍സ് ഉള്ള ഇന്ത്യക്ക് നിസ്സാരമായി സാധിക്കുമെന്ന് ഓര്‍ക്കുന്നത് നല്ലതാണ്.

സ്ത്രീകളുടെ അഭിമാനം ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ എല്ലാം നിശബ്ദരായിരുന്നവരുടെ ഇന്നത്തെ മാപ്പ് രാജ്യം തിരസ്‌കരിക്കും.

വനിതാ ബില്‍ പാസാകാത്തതില്‍ സ്ത്രീകളോട് മാപ്പ് ചോദിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. എല്ലാ മേഖലകളിലും വനിതാ പങ്കാളിത്തമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ആ ബില്ലിന്റെ ഭ്രൂണഹത്യയാണ് പ്രതിപക്ഷം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഔദ്യോഗിക അഭിസംബോധനയിലാണ് പ്രതിപക്ഷത്തെ കടന്നാക്രമിച്ചുകൊണ്ട് മോദി പ്രസംഗിച്ചതെന്നതാണ് ശ്രദ്ധേയം.

Tags