തൃശ്ശൂരില്‍ വിരിഞ്ഞത് താമരയല്ല, ചെമ്പരത്തിപ്പൂവ്; സുരേഷ്‌ഗോപിയെ പരിഹസിച്ച് ടി.എന്‍. പ്രതാപൻ
തൃശ്ശൂര്‍: കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയെ പരിഹസിച്ച് കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍. പ്രതാപൻ. തൃശ്ശൂരില്‍ വിരിഞ്ഞത് താമരയല്ല, ചെമ്പരത്തിപ്പൂവാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. സുരേഷ്‌ഗോപിയെ ബി.ജെ.പി. നിലയ്ക്കുനിര്‍ത്തിയില്ലെങ്കില്‍ ജനങ്ങള്‍ നിലയ്ക്കുനിര്‍ത്തുമെന്നും ടി.എന്‍. പ്രതാപൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുന്‍നിര്‍ത്തി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കളക്ടറേറ്റിനു മുന്നില്‍ നടത്തിയ പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതാപന്‍.
പ്രശ്നങ്ങള്‍ പരിഹരിക്കേണ്ട സര്‍ക്കാര്‍ കാഴ്ചക്കാരെപ്പോലെ തുടരുകയാണ്. ആരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ കാഴ്ചക്കാരുടെ റോള്‍ സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും ഇല്ലെങ്കിൽ സര്‍ക്കാരിന് ആരെയൊക്കെയോ സംരക്ഷിക്കാനുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും പ്രതാപന്‍ ആരോപിച്ചു.
ഡി.സി.സി. പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ എം.പി. അധ്യക്ഷനായി. കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്‍, ജോസ് വള്ളൂര്‍, എം.പി. വിന്‍സന്റ്, അനില്‍ അക്കരെ, ഒ. അബ്ദുറഹിമാന്‍കുട്ടി, ജോസഫ് ചാലിശ്ശേരി, ടി.വി. ചന്ദ്രമോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.