തൃശൂർ പാലപ്പിള്ളിയിൽ പുലിശല്യം രൂക്ഷം; ഒരാഴ്ചയ്ക്കിടെ കൊന്നത് നാല് പശുക്കുട്ടികളെ, കൂട് സ്ഥാപിക്കാൻ നടപടി

Tigers in Palappilly, Thrissur are in a state of panic; four calves were killed in a week, action taken to set up a cage

തൃശൂർ: പാലപ്പിള്ളി മേഖലയിൽ പുലിയിറങ്ങി പശുക്കുട്ടികളെ കൊല്ലുന്നത് പതിവാകുന്നു. വ്യാഴാഴ്ചയും ഒരു പശുക്കുട്ടിയെ പുലി പിടിച്ചതോടെ, ഈ ആഴ്ചയിൽ മാത്രം നാലാം തവണയാണ് വളർത്തുമൃഗങ്ങൾ പുലിക്ക് ഇരയാകുന്നത്. പാലപ്പിള്ളി ടവർലൈൻ പ്രദേശം, മുസ്ലിം പള്ളി പരിസരം, മൈസൂർ തുടങ്ങിയ ഭാഗങ്ങളിൽ രൂക്ഷമായ പുലി ശല്യമാണ് അനുഭവപ്പെടുന്നത്. ഇതോടെ തോട്ടം തൊഴിലാളികളും പ്രദേശവാസികളും കടുത്ത ഭീതിയിലാണ് കഴിയുന്നത്.

വ്യാഴാഴ്ച രാത്രി രണ്ടുമണിയോടെ പാലപ്പിള്ളി മുസ്ലിം പള്ളിയുടെ അടുത്തുള്ള വഴിയിൽ പാഡിയുടെ മുൻപിലൂടെ പുലി നടന്നുപോകുന്നത് അബ്ദുൾറഹ്‌മാൻ ചെറുവക്കത്ത് എന്നയാൾ നേരിട്ട് കണ്ടിരുന്നു. മേഖലയിലെ ടവർ ലൈൻ പരിസരത്തും പാഡികളുടെ സമീപത്തുമായി ദിവസേനയെന്നോണം പുലിയുടെ സാന്നിധ്യമുള്ളതായി നാട്ടുകാർ പറയുന്നു.

പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കുന്നതിനായി പുലിയെ പിടികൂടാൻ അടിയന്തരമായി കൂട് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. ഇക്കാര്യം ഉന്നയിച്ച് വാർഡ് മെമ്പർ സതി രവി, മലയോര സമിതി പ്രസിഡന്റ് ഇ.എ. ഓമന എന്നിവർ പാലപ്പിള്ളി റേഞ്ച് ഓഫീസറെ നേരിൽ കണ്ടു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് കൂട് സ്ഥാപിക്കാനുള്ള നടപടികൾക്ക് വനംവകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. പുലിയെ എത്രയും വേഗം പിടികൂടി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags