കൊല്ലം - ചെങ്കോട്ട റെയിൽ പാതയിൽ പാലരുവി എക്സ്പ്രസ് ഇടിച്ച് കടുവ ചത്തു
പാലക്കാട് നിന്നും തൂത്തുക്കുടിയിലേക്ക് പോവുകയായിരുന്ന പാലരുവി എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് അപകടം
കൊല്ലം: കൊല്ലം - ചെങ്കോട്ട റെയിൽ പാതയിൽ ട്രെയിൻ തട്ടി കടുവ ചത്തു. ആര്യങ്കാവിനും ഭഗവതീപുരത്തിനും ഇടയിലാണ് കഴിഞ്ഞ ദിവസം അപകടം നടന്നത്. പാലക്കാട് നിന്നും തൂത്തുക്കുടിയിലേക്ക് പോവുകയായിരുന്ന പാലരുവി എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് അപകടം.ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ട്രാക്കിൽ നിന്നും കടുവയുടെ ജഡം നീക്കം ചെയ്തു. തുടർന്നാണ് ട്രെയിൻ ഗതാഗതം പുനരാരംഭിച്ചത്.
റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ പാഞ്ഞു വന്ന ട്രെയിൻ കടുവയെ തട്ടുകയായിരുന്നു.ചെങ്കോട്ട - ഭഗവതിപുരം റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള ജനവാസ മേഖലക്ക് തൊട്ടടുത്തുള്ള മാവിൻ തോട്ടത്തിൽ നിന്നാണ് കടുവ എത്തിയതെന്നാണ് കരുതുന്നത്.
സംഭവത്തെ തുടർന്ന് കുറച്ച് നേരം ട്രെയിൻ സ്ഥലത്ത് നിർത്തിയിട്ടിരുന്നു. ലോക്കോ പൈലറ്റ് വിവരം അറിയിച്ചതിനെ തുടർന്ന് ആർ പി എഫും തെങ്കാശി ജില്ല ഫോറസ്റ്റ് ഓഫീസർ രാജ്മോഹന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
.jpg)

