തൃശൂരിൽ ജനകീയ ആരോഗ്യകേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്‌സിന് അണലിയുടെ കടിയേറ്റു

snake

 തൃശൂർ : ചാലിശ്ശേരി പെരുമണ്ണൂർ എസ്റ്റേറ്റ്പടിയിലെ ജനകീയ ആരോഗ്യകേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്‌സിന് പാമ്പുകടിയേറ്റു. ചാവക്കാട് സ്വദേശിനിയായ മിസിരിയ (26) യ്ക്കാണ് ആശുപത്രി കെട്ടിടത്തിന്റെ പിൻവശത്തുവെച്ച് അണലിയുടെ കടിയേറ്റത്. ഉടൻതന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച മിസിരിയയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് പിന്നീട് റൂമിലേക്ക് മാറ്റി.

ആശുപത്രി പരിസരത്ത് ആഴ്ചകൾക്ക് മുമ്പ് വെട്ടിയിട്ട മരങ്ങൾ നീക്കം ചെയ്യാത്തതും കാടുമൂടിക്കിടക്കുന്നതുമാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. ദിനംപ്രതി നൂറുകണക്കിന് രോഗികളെത്തുന്ന ആരോഗ്യകേന്ദ്രത്തിൽ അധികൃതർ കാട്ടിയ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമാണ്. കൂടുതൽ പാമ്പുകളുണ്ടാകാൻ സാധ്യതയുള്ളതിനാൽ പരിസരം അടിയന്തരമായി ശുചീകരിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

Tags