തൃശ്ശൂര്‍ പൂരം ഇന്ന്

thrissur pooram

11 മണിയോടെ തിരുവമ്പാടിയുടെ മഠത്തില്‍ വരവ് ആരംഭിക്കും

തൃശ്ശൂര്‍ പൂരം ഇന്ന്. വടക്കുംനാഥന്റെ തട്ടകത്തിലേക്ക് ഘടകപൂരങ്ങള്‍ പുറപ്പെട്ടു തുടങ്ങി. പുലര്‍ച്ചെ 4.45 ഓടെ കണിമംഗലം ശാസ്താ ക്ഷേത്രത്തില്‍ നിന്ന് ആദ്യ ഘടകപൂരം ആരംഭിച്ചു. മറ്റ് ഏഴ് ഘടകക്ഷേത്രങ്ങളില്‍ നിന്നുള്ള ശാസ്താ ഭഗവതിമാരും ആതിഥേയരായ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരും വടക്കുംനാഥനെ വണങ്ങാനെത്തും. 11 മണിയോടെ തിരുവമ്പാടിയുടെ മഠത്തില്‍ വരവ് ആരംഭിക്കും. രണ്ട് മണിയോടെയാണ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം. 250 കലാകാരന്‍മാര്‍ അണിനിരക്കും. തുടര്‍ന്നാണ് തെക്കോട്ടിറക്കം.

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ആഘോഷങ്ങളില്ലാതെയാണ് പൂരം. വെടിക്കെട്ട് ഒഴിവാക്കി ചടങ്ങുകള്‍ മാത്രമായി പൂരം പരിമിതപ്പെടുത്തി. കുടമാറ്റ ചടങ്ങുകള്‍ ഒരു മണിക്കൂര്‍ ഉണ്ടായിരുന്നത് 15 മിനിറ്റില്‍ പൂര്‍ത്തിയാവും. പരമാവധി 15 സെറ്റ് കുടകള്‍ മാത്രമേ മാറുകയുള്ളൂ. 
 പൂരത്തിന്റെ മറ്റ് ചടങ്ങുകള്‍ മാറ്റമില്ലാതെ തുടരും. എട്ട് ഘടക പൂരങ്ങളും അവര്‍ക്ക് നിശ്ചയിച്ചിരിക്കുന്ന ആനകളും മേളവുമായി വടക്കുന്നാഥ സന്നിധിയിലെത്തി മടങ്ങും. തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും മേളത്തിനും മുടക്കമുണ്ടാവില്ല. മഠത്തില്‍ വരവ് പഞ്ചവാദ്യവും ഇലഞ്ഞിത്തറ മേളവും തുടര്‍ന്ന് നടത്തും.

Tags