ശക്തന്റെ തട്ടകമായ തൃശ്ശൂരിൽ ഇന്ന് പൂരം വിളംബരം ; നെയ്തലക്കാവിലമ്മ തെക്കേഗോപുര നട തുറക്കും
തൃശ്ശൂരിൽ ഇന്ന് പൂരം വിളംബരം നടക്കും. രാവിലെ 8.30-ന് നെയ്തലക്കാവിൽ നിന്ന് പുറപ്പെടുന്ന ദേവി 11 മണിയോടെ വടക്കുന്നാഥ ക്ഷേത്രത്തിൽ പ്രവേശിക്കും. തുടർന്ന് 11.30-ന് വടക്കുന്നാഥന്റെ തെക്കേഗോപുര നട തുറന്ന് പുറത്തേക്ക് എഴുന്നള്ളുന്നതോടെ പൂരത്തിന് ഔദ്യോഗികമായി തുടക്കമാകും. ശ്രീമൂലസ്ഥാനത്തെ നിലപാട് തറയിലെത്തി വിളംബരം നടത്തുന്നതോടെയാണ് ഘടകപൂരങ്ങളുടെ പുറപ്പാടിന് വേഗത കൈവരുന്നത്.
മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശ്ശൂർ പൂരം ആർഭാടരഹിതമായാണ് സംഘടിപ്പിക്കുന്നത്. പ്രധാന ആകർഷണമായ വെടിക്കെട്ട് ഇത്തവണ പൂർണ്ണമായും ഒഴിവാക്കി ചടങ്ങുകൾ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ആഘോഷപൂർവ്വമായ കുടമാറ്റത്തിന്റെ സമയവും ദൈർഘ്യവും സർക്കാർ വിളിച്ചുചേർത്ത യോഗത്തിലെ തീരുമാനപ്രകാരം വെട്ടിക്കുറച്ചു. ഒരു മണിക്കൂർ നീണ്ടുനിൽക്കാറുള്ള കുടമാറ്റം ഇത്തവണ 15 മിനിറ്റായി ചുരുങ്ങി.
സാധാരണയായി ഇരുദേവസ്വങ്ങളും ചേർന്ന് 55 സെറ്റ് കുടകൾ മാറാറുണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ പത്ത് സെറ്റ് കുടകൾ മാത്രമേ ഉപയോഗിക്കൂ. എന്നാൽ മറ്റ് പൂരച്ചടങ്ങുകൾക്ക് മാറ്റമില്ലാതെ തുടരും. എട്ട് ഘടകപൂരങ്ങളും നിശ്ചയിച്ച പ്രകാരം ആനകളുടെയും മേളത്തിന്റെയും അകമ്പടിയോടെ വടക്കുന്നാഥ സന്നിധിയിലെത്തും. തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങളുടെ മഠത്തിൽ വരവ് പഞ്ചവാദ്യവും ഇലഞ്ഞിത്തറ മേളവും സമയക്രമത്തിൽ മാറ്റമില്ലാതെ തന്നെ അവതരിപ്പിക്കും.
.jpg)

