തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13 ആയി
തൃശ്ശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ സ്ഫോടനത്തിൽ മരണം 13 ആയി. 13 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. അവരിൽ 5 പേരുടെ നില ഗുരുതരമാണ്. ഇവർക്ക് 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഒരാൾ വെൻറിലേറ്ററിലാണ്. 40ഓളം പേരുണ്ടായിരുന്നു എന്നാണ് പ്രാഥമികമായി ലഭിച്ചിരിക്കുന്ന വിവരം. തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയിലാണ് സ്ഫോടനമുണ്ടായത്.
5 ഏക്കറിലായി 8 വെടിപ്പുരകളാണ് ഉണ്ടായിരുന്നത്. ഇതിൽ 5 പുരകൾ പൂർണമായി കത്തി നശിച്ചുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. പ്രദേശത്ത് സ്ഫോടക വസ്തുക്കൾ ഇനിയും പൊട്ടാതെ കിടക്കുന്നതായുള്ള സൂചനയുണ്ട്. അപകടത്തിൽ പെട്ടവരിലേറെയും മുണ്ടത്തിക്കോട് - കുണ്ടന്നൂർ സ്വദേശികളാണ്. തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസെൻസി മുണ്ടത്തിക്കോട് സതീശൻറെ നില അതീവ ഗുരുതരമെന്ന വിവരം പുറത്തുവരുന്നുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ 50 ലക്ഷം രൂപ കേരള സർക്കാർ അനുവദിച്ചു.
ശരീരഭാഗങ്ങൾ മൃതദേഹങ്ങളായിട്ടാണ് കണക്കാക്കുന്നത് എന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. അവിടെ ഫോറെൻസിക്ക് വിഭാഗത്തിന് പരിശോധനക്ക് മൃതദേഹങ്ങൾ തിരിച്ചറിയാൻ ഉൾപ്പടെയുള്ള പ്രത്യേക ക്രമീകരണം സജ്ജീകരിച്ചിട്ടുണ്ട്.
.jpg)

