ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം : തൃശൂർ സ്വദേശി അറസ്റ്റിൽ
May 24, 2023, 09:38 IST

കാഞ്ഞങ്ങാട് : ചെന്നൈ – മംഗളൂരു എക്സ്പ്രസ് ട്രെയിനിൽ മെഡിക്കൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ നിന്നാണ് തൃശൂർ സ്വദേശി സനീഷിനെ പൊലീസ് പിടികൂടിയത്. വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ഇയാൾ നീലേശ്വരം റെയിൽവേ സ്റ്റേഷനിലിറങ്ങി രക്ഷപ്പെടുകയായിരുന്നു.
ട്രെയിൻ നീലേശ്വരത്ത് എത്തിയപ്പോൾ പെൺകുട്ടി ബഹളം വെയ്ക്കുകയും പ്രതി ട്രെയിനിൽ നിന്ന് ഇറങ്ങിയോടുകയുമായിരുന്നു. വിദ്യാർത്ഥിനിയുടെ പരാതിയിൽ കാസർഗോഡ് റെയിൽവേ പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തി മണിക്കൂറുകൾക്കകം പ്രതിയെ കുടുക്കിയത്. കോട്ടച്ചേരിയിലെ ഒരു തട്ടുകടയിൽ ഇരിക്കുകയായിരുന്ന പ്രതിയെ ആളുകൾ തിരിച്ചറിയുകയായിരുന്നു. തുടർന്ന് പോലീസ് എത്തി പ്രതിയെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.