തൃശൂര്‍ വിട്ടത് 2022 ജൂണില്‍ ,അതിഥി തൊഴിലാളിയെ കാണാനില്ല; ഭാര്യയുടെ പരാതിയില്‍ കേസ്

തൃശൂര്‍: പാട്ടുരായ്ക്കലില്‍ നിര്‍മാണം നടക്കുന്ന ഫ്‌ളാറ്റ്‌സമുച്ചയത്തില്‍ ജോലിക്കാരനായ അതിഥിതൊഴിലാളിയെ കാണാനില്ലെന്നു പരാതി. വെസ്റ്റ് ബംഗാള്‍ ജല്‍പാഗുരി ദുപ്ഗുരിയ ഉത്തര്‍ഖാത്തുലിയ രത്തന്‍ സര്‍ക്കാര്‍ (35) എന്നയാളെ കാണാനില്ലെന്നാണ് പരാതി. പശ്ചിമബംഗാളില്‍ താമസിക്കുന്ന ഭാര്യ പിങ്കി കേരള ആഭ്യന്തരസെക്രട്ടറി മുമ്പാകെ നല്‍കിയ പരാതിയെത്തുടര്‍ന്ന് ഈസ്റ്റ് പോലീസ് കേസെടുത്തു.
പാട്ടുരായ്ക്കല്‍ പൊന്നുവീട്ടില്‍ ലൈനില്‍ വാടകയ്ക്ക് താമസിച്ച സ്ഥലത്തു നിന്നും നാട്ടിലേക്ക് പോകുകയാണെന്നു പറഞ്ഞ് പോയശേഷം വീട്ടിലേക്ക് എത്തിയില്ലെന്ന് പരാതിയില്‍ പറഞ്ഞു. കേസ് അന്വേഷണത്തില്‍, ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്ന സ്ഥലത്തുനിന്നും കാണാതായത് 2022 ജൂണ്‍ രണ്ടാം തീയതിയാണെന്ന് വ്യക്തമായി. പോകുന്ന സമയം സുഹൃത്തിന്റെ മൊബൈല്‍ഫോണും ഇയാള്‍ കൈവശപ്പെടുത്തിയിരുന്നു.
ഇതു കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഏതാനും ദിവസം തിരുവനന്തപുരത്ത് ഉണ്ടായിരുന്നതായി സൂചന ലഭിച്ചു. തിരുവനന്തപുരത്ത് നടത്തിയ അന്വേഷണത്തിലും കണ്ടെത്താനായില്ല. തൃശൂരില്‍ നിന്നും കാണാതായ ദിവസം മുതല്‍ ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് ഭാര്യ പറയുന്നത്. ഫോട്ടോയും മറ്റ് വിശദാംശങ്ങളും ഉള്‍ക്കൊള്ളിച്ച് ബസ് സ്റ്റാന്‍ഡുകളിലും മറ്റും പോസ്റ്ററുകള്‍ പതിച്ചെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല. വിവരം ലഭിക്കുന്നവര്‍ ടൗണ്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണം: ഫോണ്‍: 0487-2424192, 9497987130, 9846928797