തൃശ്ശൂർ വെടിക്കെട്ട് ദുരന്തം ; കാണാതായ ഗിരീഷിന്റെ മൃതദേഹഭാഗം സുഹൃത്തുക്കൾ തിരിച്ചറിഞ്ഞു

Massive explosion at a fireworks display in Thrissur: District Collector announces magisterial inquiry

 തൃശ്ശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടസ്ഥലത്ത് ഇന്നു നടന്ന തീവ്രമായ തെരച്ചിലിൽ നിർണ്ണായകമായ കണ്ടെത്തലുകൾ. വൈകുന്നേരം നടത്തിയ മാസ്സ് പരിശോധനയിൽ കണ്ടെത്തിയ തല, അപകടത്തിൽ കാണാതായ കോട്ടപ്പുറം സ്വദേശി ഗിരീഷിന്റേതാണെന്ന് സുഹൃത്തുക്കൾ മെഡിക്കൽ കോളേജ് മോർച്ചറിയിലെത്തി തിരിച്ചറിഞ്ഞു. എങ്കിലും ശാസ്ത്രീയമായ സ്ഥിരീകരണത്തിനായി ഡിഎൻഎ പരിശോധന ഫലം കാത്തിരിക്കുകയാണ് അധികൃതർ.

ബോംബ് സ്‌ക്വാഡിന്റെയും അഞ്ച് പരിശീലനം ലഭിച്ച നായകളുടെയും (മൂന്ന് കെഡാവർ നായകളും രണ്ട് ബോംബ് സ്‌ക്വാഡ് നായകളും) സഹായത്തോടെ നടത്തിയ പരിശോധനയിൽ ഇന്ന് പത്തോളം ശരീരഭാഗങ്ങളാണ് കണ്ടെടുത്തത്. കൂടാതെ, സംഭവസ്ഥലത്തുണ്ടായിരുന്ന 362 കിലോ വെടിമരുന്ന് പോലീസ് പിടിച്ചെടുത്ത് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. സിറ്റി പോലീസ് കമ്മിഷണർ സ്ഥലത്തെത്തി തുടർനടപടികൾക്ക് നേതൃത്വം നൽകി.

നിലവിൽ പത്തുപേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ വെടിക്കെട്ട് കരാറുകാരൻ സതീശൻ ഉൾപ്പെടെ നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അപകടത്തിൽ ആകെ 37 പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.

അതേസമയം, തിരിച്ചറിയാൻ കഴിയാത്ത ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധനാ ഫലം മറ്റന്നാൾ മുതൽ ലഭിച്ചു തുടങ്ങുമെന്ന് തൃശൂർ ജില്ലാ കളക്ടർ അറിയിച്ചു. ഇതുവരെ 29 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് കണ്ടെത്തിയ ശരീരഭാഗങ്ങളിൽ നിന്നുള്ള സാമ്പിളുകൾ കൂടി ശേഖരിച്ച് പരിശോധനയ്ക്ക് അയക്കും. ഡിഎൻഎ ഫലം വന്നതിനുശേഷം മാത്രമേ മരണപ്പെട്ടവരുടെ വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കൂവെന്ന് മൊബൈൽ ഡിഎൻഎ യൂണിറ്റ് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ കളക്ടർ വ്യക്തമാക്കി.

Tags