തൃശൂർ വെടിക്കെട്ട് ദുരന്തം ; ലൈസൻസി സതീഷിന്റെ നില അതീവ ഗുരുതരം

Thrissur fireworks disaster; Licensee Satheesh's condition is extremely critical

 തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തിൽ പരിക്കേറ്റ ലൈസൻസി സതീഷിന്റെ നില അതീവഗുരുതരമായി തുടരുന്നു. സതീഷ് വെന്റിലേറ്ററിൽ ചികിത്സയിലാണ്. തൃശൂർ മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലുളളത് നാലുപേരാണ്. സതീഷ്, വിഷ്ണു, ഉണ്ണികൃഷ്ണൻ, രാകേഷ് എന്നിവരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുളളത്. വിഷ്ണുവിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുളളതായും വിവരമുണ്ട്. ആറുപേരുടെ നില തൃപ്തികരമാണ്. ഇവരെ വാർഡുകളിലേക്ക് മാറ്റിയിട്ടുണ്ട്. നാളെയോ മറ്റന്നാളോ ഡിസ്ചാർജ് ചെയ്ത് വീടുകളിലേക്ക് അയക്കാൻ സാധിക്കും.

അതേസമയം, തൃശൂർ പൂരം ഭംഗിയായി നടത്തണമെന്നതാണ് ജനവികാരമെന്നാണ് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞത്. പാറമേക്കാവ് ഭാഗം ഇന്നലെ യോഗം ചേർന്നിരുന്നെന്നും ഒരാള് പോലും പൂരം നടത്തേണ്ട എന്ന് പറഞ്ഞിട്ടില്ലെന്നും ജി രാജേഷ് പറഞ്ഞു. ആ നിലപാട് ഇന്നത്തെ യോഗത്തിൽ പറയുമെന്നും ദേശക്കാരുടെ വികാരം അറിയിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും രാജേഷ് പറഞ്ഞു. 'ഭരണസമിതി യോഗത്തിലും ആഘോഷ കമ്മിറ്റി യോഗത്തിലും പൂരം നടത്തണം എന്നുളളതായിരുന്നു ആവശ്യം. ആ നിലപാട് ഇന്നത്തെ യോഗത്തിൽ അറിയിക്കും. സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം. വെടിക്കെട്ട് നടത്തണം. രണ്ടുമാസമായി വെടിമരുന്നുകൾ ഉണ്ടാക്കിവെച്ചിരിക്കുകയാണ്. വെടിക്കെട്ട് നടത്താതെ അതെങ്ങനെയാണ് ഒഴിവാക്കുക. 2006-ൽ വെടിക്കെട്ട് അപകടമുണ്ടായിട്ടും പൂരം നടന്നു. ഇപ്പോൾ എന്താണ് മറ്റൊരു നിലപാട്. അത് പൂരത്തിനെ തകർക്കാനാണോ എന്നാണ് സംശയം'-ജി രാജേഷ് പറഞ്ഞു.

Tags