തൃശൂര്‍ പീച്ചി തെക്കേക്കുളത്ത് കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

google news
elephant

തൃശൂര്‍: പീച്ചി ഡാമിലെ വൃഷ്ടിപ്രദേശത്തിനോട് ചേര്‍ന്നുകിടക്കുന്ന തെക്കേക്കുളത്തെ ജനവാസമേഖലയിലാണ് കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചത്. പാറെതുണ്ടത്തില്‍ ഷാജി, പുഷ്പകുമാരി എന്നിവരുടെ വാഴകളാണ് ആന നശിപ്പിച്ചത്. കഴിഞ്ഞദിവസം രാത്രി 12ന് ശേഷമാണ് പ്രദേശത്ത് കാട്ടാന ഇറങ്ങിയത്. നൂറോളം വാഴകളും തെങ്ങിന്‍തൈകളും കാട്ടാന നശിപ്പിച്ചു. 

ആനയുടെ ശല്യത്തില്‍ തെക്കേക്കുളം, ജെണ്ടമുക്ക് പ്രദേശങ്ങളിലെ ജനങ്ങള്‍ ഏറെ ഭീതിയിലാണെന്നും രാത്രിയില്‍ സമാധാനപരമായി കിടന്നുറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണെന്നും പഞ്ചായത്തംഗം ബാബു തോമസ് പറഞ്ഞു. സമീപകാലത്ത് പീച്ചിമേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാവുകയാണ്. കഴിഞ്ഞ ചില മാസങ്ങള്‍ക്കുള്ളില്‍ നിരവധി കാര്‍ഷിക വിളകളാണ് ഇത്തരത്തില്‍ നശിപ്പിക്കപ്പെട്ടത്. എന്നാല്‍ ഇതുവരെ കാട്ടാനശല്യം തടയുന്നതിനുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കുകയോ നടപടികള്‍ സ്വീകരിക്കുകയോ വനംവകുപ്പ് തയാറായിട്ടില്ലെന്ന് ബാബു തോമസ് കുറ്റപ്പെടുത്തി.

Tags