തൃശൂരിൽ വൃദ്ധ ദമ്പതികൾ വീട്ടിൽ മരിച്ചനിലയിൽ

Elderly couple found dead at home in Thrissur
Elderly couple found dead at home in Thrissur

തൃശൂർ: വൃദ്ധ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.നടുവിൽക്കര ബോധാനന്ദവിലാസം എൽ.പി. സ്‌കൂളിന് പടിഞ്ഞാറ് കൊടുവത്ത്പറമ്പിൽ പ്രഭാകരൻ (72) ഭാര്യ കുഞ്ഞിപ്പെണ്ണ് (75)എന്നിവരാണ്  മരിച്ചത്. കിടപ്പ് രോഗിയായ കുഞ്ഞിപ്പെണ്ണിനെ വീടിനുള്ളിൽ കട്ടിലിലും പ്രഭാകരനെ വീട്ട്മുറ്റത്തുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കുഞ്ഞിപ്പെണ്ണിനെ പരിശോധിക്കാനായി പാലിയേറ്റീവ് പ്രവർത്തകർ ഇന്നലെ ഉച്ചകഴിഞ്ഞ്  സമീപവാസിയേയും കൂട്ടി വീട്ടിലെത്തി അകത്ത് കയറി നോക്കിയപ്പോഴാണ് കുഞ്ഞിപ്പെണ്ണ് മരിച്ച നിലയിൽകണ്ടത്. തുടർന്ന് പ്രഭാകരനെ അന്വേഷിച്ചപ്പോഴാണ്  മുറ്റത്ത് കിഴക്ക് ഭാഗത്തായി ഇയാളും മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്.

tRootC1469263">

കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി. വി.കെ. രാജു , വാടാനപ്പള്ളി സി.ഐ. ബി.എസ്. ബിനു, എസ്.ഐമാരായ ശ്രീലക്ഷ്മി, മുഹമ്മദ് റാഫി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് പരിശോധന നടത്തി. വിരലടയാള വിദഗ്ധരും പരിശോധനക്കെത്തിയിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടി രിക്കേ കുഞ്ഞിപ്പെണ്ണ് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. സമീപം പാത്രത്തിൽ ചോറ് ഉണ്ടായിരുന്നു. ഭാര്യ മരിച്ചതോടെ അയൽ വാസികളെ അറിയിക്കാനുള്ള ഓട്ടത്തിൽ പ്രഭാകരൻ കുഴഞ്ഞു വീണ് മരിച്ചതാകാമെന്നാണ് പോലീസ് പറയുന്നത്.

മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പൊസ്റ്റ്‌മോർട്ടം നടത്തിയാലേ മരണകാരണം വ്യക്തമാകൂവെന്നും പോലീസ് പറഞ്ഞു. മാങ്ങ പറിച്ച് കണ്ടശ്ശാംകടവ് മാർക്കറ്റിലേക്ക് കൊണ്ടുപോയി വിൽപ്പന നടത്തിവന്നിരുന്നവരാണ് പ്രഭാകരനും കുഞ്ഞിപ്പെണ്ണും. മക്കളില്ലാത്ത ഈ ദമ്പതികൾ മരണത്തിലും ഒന്നിച്ചു.

Tags